മൂന്ന് നില കെട്ടിടം നിറയെ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ
കെട്ടിടം സീൽ ചെയ്തു
ഏകദേശം 7 ലക്ഷം രൂപയുടെ ഉത്പന്നങ്ങളുണ്ടെന്ന് അധികൃതർ
കൊല്ലം: കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് നില കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. പിടികൂടിയവ അളന്നുതിട്ടപ്പെടുത്താനോ മാറ്റി സൂക്ഷിക്കാനോ ആകാത്തവിധം വലിയ അളവിലായതിനാൽ കെട്ടിടം സീൽ ചെയ്തു.
ബീച്ച് റോഡിലെ പ്രമുഖ ബേക്കറിക്ക് പിൻഭാഗത്തുള്ള കെ.ബി സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്നാണ് പ്ലാസ്റ്റിക് ശേഖരം കണ്ടെത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിറയെ ജ്യൂസ് കുടിക്കാൻ ഉപയോഗിക്കുന്ന ചാക്കുകളിലാക്കിയ പ്ലാസ്റ്റിക് സ്ട്രോകളായിരുന്നു. മൂന്നാം നിലയിൽ നിറയെ തെർമോക്കോളായിരുന്നു സൂക്ഷിച്ചിരുന്നത്. രണ്ടാം നിലയിൽ പ്ലാസ്റ്റിക് സ്പൂൺ, അലുമിനിയം ഫോയിൽഡ് പ്ലാസ്റ്റിക് കവറുകൾ, തെർമ്മോക്കോൾ പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടിംഗുള്ള ഗ്ലാസുകൾ, പാത്രങ്ങൾ, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഗാർബേജ് ബാഗ് തുടങ്ങിയവയായിരുന്നു. ഏകദേശം 7 ലക്ഷം രൂപയുടെ ഉല്പന്നങ്ങൾ കെട്ടിടത്തിലുണ്ടെന്നാണ് പ്രാഥമിക കണക്ക്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗം സ്ഥലത്തെത്തിയത്. വില്പന നിരോധിച്ചതോടെ കെട്ടിക്കിടക്കുന്ന സാധനങ്ങളെന്നാണ് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദീകരണം. എന്നാൽ വില്പന നടക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പരിശോധനാ സംഘം പറഞ്ഞു. ബില്ലിംഗ് മെഷീനും കമ്പ്യൂട്ടറുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ട് ജീവനക്കാരും സ്ഥാപനത്തിലുണ്ടായിരുന്നു. മലപ്പുറം സ്വദേശി സിദ്ധിഖാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ.
പരിശോധന സംബന്ധിച്ച് ആരോഗ്യ വിഭാഗം നഗരസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കും. കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ ബി. ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീകുമാർ, പ്രശാന്ത്, ബിനോയ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിജിത, അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.