അഞ്ചൽ: അഞ്ചൽ മേഖലയിലെ നിരന്തരമായ വൈദ്യുതി മുടക്കം പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. അഞ്ചൽ വെസ്റ്റ് സബ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. ഒരു ദിവസം തന്നെ പല തവണ വൈദ്യുതി തടസപ്പെടുന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറയുന്നു. അധികൃതർ കഴമ്പില്ലാത്ത കാരണങ്ങൾ പറഞ്ഞാണ് ഇവിടത്തെ വൈദ്യുതി കട്ട് ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനച്ചവിള ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പകൽസമയത്തും വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്. ഓഫീസിൽ വിളിച്ച് വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ് എന്നറിയിച്ചാൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നാണ് മറുപടി.
മുൻ കാലങ്ങളിലും വൈദ്യുതി മുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ നിരന്തരം വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്. പ്രദേശവാസികൾ
മുന്നറിയിപ്പില്ലാതെ....
അപ്രതീക്ഷിതമായി വൈദ്യുതി കട്ട് ചെയ്യുന്ന കാര്യം മുൻകൂട്ടി നാട്ടുകാരെ അറിയിക്കാറുമില്ല. മുൻകാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതിന്റെ തലേ ദിവസം പത്രങ്ങളിലൂടെ നാട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി കട്ട് ചെയ്യുന്നത്. ഇതിനെപ്പറ്റി അധികൃതരോട് അന്വേഷിച്ചാൽ കരാറുകാരനും തൊഴിലാളികളും വരുന്നതനുസരിച്ച് മെയിന്റനൻസ് വർക്കുകൾ ചെയ്യുന്നതിനാൽ മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ വാദം.
പകൽ സമയത്തും കറണ്ടില്ല
ചൂട് കടുത്ത സാഹചര്യത്തിൽ പകൽ മുഴുവൻ വൈദ്യുതി ഇല്ലാത്തത് പ്രായമായ ആളുകളെയും കുട്ടികളെയും അസുഖ ബാധിതരെയുമാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷ ഉൾപ്പെടെ അടുത്തുവരുന്ന സാഹചര്യത്തിൽ അഞ്ചലിലെ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറയുന്നു.