പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് അനുമതി
അഞ്ചാലുംമൂട്: യാത്രാദുരിതത്തിന്റെ അതിർവരമ്പുകൾ ഭേദിക്കാൻ നാട്ടുകാർ സ്വപ്നം കണ്ട തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം സാമ്പ്രാണിക്കോടി കുരീപ്പുഴ പാലത്തിന് ബഡ്ജറ്റിൽ പച്ചക്കൊടി. പണികൾ ആരംഭിക്കാൻ കടമ്പകൾ ഇനിയും കടക്കണമെങ്കിലും തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് അനുമതി ലഭിച്ചതിൽ സന്തോഷത്തിലാണ് നാട്ടുകാർ.
ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റിൽ എം.എൽ.എമാർ ഉന്നയിച്ച വിവിധ പദ്ധതികൾക്കായി 1500 കോടി രൂപ അനുവദിക്കുകയും ചില പദ്ധതികൾക്ക് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് അനുമതി നൽകുകയും ചെയ്തു. ഇതിൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനായാണ് സാമ്പ്രാണിക്കോടി കുരീപ്പുഴ പാലത്തിന് അനുമതി ലഭിച്ചത്.
കേരളകൗമുദി വാർത്ത തുണയായി
2016ൽ പ്രാക്കുളം ഫ്രണ്ട്സ് ഗ്രന്ഥശാലയാണ് ഇത്തരം ഒരു ആശയവുമായി മുന്നിട്ടിറങ്ങിയത്. ആശയ ക്രോഡീകരണവും ഒപ്പുശേഖരണവുമൊക്കെയായി ഗ്രന്ഥശാലാ പ്രവർത്തകർ മുന്നോട്ട് പോകവേ ഇത് അധികൃതരുടെ മുന്നിലെത്തിക്കുവാൻ 'കേരളകൗമുദി' മുൻകൈയെടുക്കുകയും നിരന്തരം വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം. മുകേഷ് എം.എൽ.എ പഞ്ചായത്ത് ജനപ്രതിനിധികളുമായും സാമൂഹിക പ്രവർത്തകരുമായും ബന്ധപ്പെട്ടു. തുടർന്ന് കേരളകൗമുദി അന്ന് ചൂണ്ടിക്കാട്ടിയതുപോലെ ഇരുകരകളെയും ബന്ധിപ്പിക്കുന്നതിന് ദൂരം കുറഞ്ഞ സ്ഥലത്ത്കൂടി പാലം എന്ന ആശയം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.
പാലം പൂർത്തിയാകുന്നതോടെ പ്രാക്കുളം, കാഞ്ഞാവെളി, മണലിക്കട, വന്മള തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ബൈപാസ് വഴി നീണ്ടകര, കാവനാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്ക് വളരെ വേഗം എത്താൻ കഴിയും. ഇവിടേക്കുള്ള യാത്രകൾക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ലാഭിക്കാനും കഴിയും.
' പ്രാക്കുളം സാമ്പ്രാണിക്കോടി കുരീപ്പുഴ പാലത്തിന് സർക്കാർ അനുമതി ലഭിച്ചതോടെ ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമാകുകയാണ്. ജില്ലയിലെ ടൂറിസം സാധ്യതയ്ക്ക് മുതൽക്കൂട്ടാകുന്ന ഒരു പദ്ധതി കൂടിയാണ് ഇത്. പാലം പൂർത്തിയാകുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കുന്നതിന് ശക്തമായ ഇടപെടലുകളുണ്ടാകും
എം. മുകേഷ് എം.എൽ.എ