prathi
കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പൊ​ലീ​സിൽ കീ​ഴ​ട​ങ്ങി​യ പ്ര​തി ഷാ​ജ​ഹാ​നെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്നു.

അഞ്ചാലുംമൂട്: മീൻവില്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മാർക്കറ്റ് കരാറുകാരൻ കുത്തേറ്റു മരിച്ചു. മത്സ്യവില്പനക്കാരനായ പ്രതി അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അഞ്ചാലുംമൂട് ഞാറക്കൽ സജീനാ മൻസിലിൽ ഇസ്മയിലാണ് (55) കൊല്ലപ്പെട്ടത്. നീരാവിൽ സ്​മിതാ ഭവനിൽ ഷാജഹാനാണ് (23) പ്രതി.

ഇന്നലെ രാവിലെ പത്തിന് പനയം പഞ്ചായത്തിലെ താന്നിക്കമുക്ക് മാർക്കറ്റിലാണ് സംഭവം. മത്സ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഞ്ചാലുംമൂട്, താന്നിക്കമുക്ക് ചന്തകളുടെ കരാറുകാരനായിരുന്നു ഇസ്മയിൽ. മൊത്തക്കച്ചവടക്കാരൻ കൂടിയായ ഇസ്മയിലിന്റെ പക്കൽ നിന്നാണ് മറ്റു വില്പനക്കാർ മത്സ്യം വാങ്ങിയിരുന്നത്.

എന്നാൽ, ഷാജഹാൻ സ്വന്തമായി മറ്റിടങ്ങളിൽ നിന്ന് മത്സ്യം വാങ്ങി കച്ചവടം ചെയ്തുവരികയായിരുന്നു.ഇതേച്ചൊല്ലി ഇവർ തമ്മിൽ പലതവണ വാക്കേറ്റമുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെയും അഞ്ചാലുംമൂട് ചന്തയിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. എങ്കിലും, അഞ്ചാലുംമൂട് ചന്തയിലെ കച്ചവടത്തിന് ശേഷം ഷാജഹാൻ താന്നിക്കമുക്ക് ചന്തയിലെത്തി കച്ചവടം ആരംഭിച്ചു. പിന്നാലെ എത്തിയ ഇസ്മയിലും ഷാജഹാനുമായി വീണ്ടും തർക്കമുണ്ടായി. പ്രകോപിതനായ ഷാജഹാൻ മീൻ മുറിക്കുന്ന കത്തി ഉപയോഗിച്ചു വയറ്റിൽ കുത്തിയെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.സമീപത്തുണ്ടായിരുന്നവർ ഇസ്മയിലിനെ ജില്ലാ ആശുപത്രിയിലത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അഞ്ചാലുംമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇസ്മയിലിന്റെ ഭാര്യ: സുൽബത്തുബീവി, മക്കൾ : സെയ്ദ് അലി, സജീന,സബീന