കൊല്ലം: ആരോരുമില്ലാത്ത കരിക്കോട് ഗവ. മഹിളാ മന്ദിരത്തിലെ അന്തേവാസിയായ ആരതി മംഗല്യവതിയായപ്പോൾ സമൂഹത്തിലെ നാനാതുറകളിലുള്ളവർ മാതാപിതാക്കളുടെ സ്ഥാനത്ത് നിന്ന് ദമ്പതികൾക്ക് അനുഗ്രഹാശ്ശിസുകൾ ചൊരിഞ്ഞു. കൊല്ലം ശാരദാമഠത്തിലാണ് കഴിഞ്ഞ ദിവസം ആരതിയുടെ വിവാഹം നടന്നത്. കൊല്ലം കുന്നിക്കോട് മാക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ എസ്. പ്രസന്നകുമാറിന്റെയും പരേതയായ കെ. രാധാമണിയുടെയും മകൻ സിജിൻ പി. കുമാർ ആണ് വരൻ. ആയിരത്തോളം പേർ ദമ്പതികൾക്ക് ആശംസകളുമായി ചടങ്ങിൽ പങ്കെടുത്തു.
മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഡോ. വി.എസ്. ദേവകുമാർ വധുവിന് പൂമാല എടുത്ത് നൽകി. മേയർ ഹണി ബെഞ്ചമിനും എം.എ. സത്താറും ചേർന്ന് വധുവിനെ വരന്റെ കയ്യിലേക്ക് പിടിച്ചുനൽകി. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി പെൺകുട്ടിക്ക് നിലവിളക്കും മഹിളാ മന്ദിരം സൂപ്രണ്ട് എ.എസ്. സിന്ധു താലവും കിണ്ടിയും കൈമാറി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിൽ, ജെ. സുജനൻ എന്നിവർ വരനെ മാലയും ബൊക്കയും നൽകി സ്വീകരിച്ചു. സുജാകൃഷ്ണൻ അഷ്ടമംഗല്യം നൽകി.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. സുധീർകുമാർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. ഗീതാകുമാരി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജി. പ്രസന്നകുമാരി, ജില്ലാ പ്രൊബേഷൻ ഓഫീസർ സിജു ബെൻ, ഐ.സി.ഡി.എസ് പ്രോഗാം ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, ചൈൽഡ് വൈൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, ആനേപ്പിൽ എ.ഡി. രമേഷ്, സുജിത്ത് ശാന്തി, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സുനിൽകുമാർ, ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ തുടങ്ങിയവർ ദമ്പതികളെ ആശംസിച്ചു.
കൊല്ലം ഹോട്ടൽ റെയിൽവ്യൂ ആറ് പവൻ സ്വർണ്ണവും വിവാഹസദ്യയും മഹിളാമന്ദിരം ഒരു ലക്ഷം രൂപയും നൽകി. മറ്റ് സ്ഥാപനങ്ങളും വ്യക്തികളും ഉപഹാരങ്ങൾ നൽകി ദമ്പതികൾക്ക് ആശംസകൾ നേർന്നു.