ezhukone
എഴുകോൺ പൊലീസ് സ്റ്റേഷൻ

എഴുകോൺ: ഇല്ലായ്മകളുടെ നടുവിൽ നട്ടംതിരിയുന്ന എഴുകോൺ പൊലീസ് സ്റ്റേഷന് ശാപമോക്ഷമൊരുങ്ങുന്നു. സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന ബഡ്ജറ്റിൽ 1.5 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2020-21 ലെ വാർഷിക ബഡ്ജറ്റിൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിന്‌ അനുവദിച്ച വികസന പദ്ധതിയിലാണ് എഴുകോൺ പൊലീസ് സ്റ്റേഷൻ ഉൾപ്പെടുത്തിയത്. അറുപറകോണം വെട്ടിലകോണത്ത് പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കല്ലട ജലവിതരണ പദ്ധതിയുടെ സ്ഥലം കണ്ടെത്തിയിരുന്നു.

കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ 20 സെന്റ് സ്ഥലം അഭ്യന്തര വകുപ്പിന് കൈമാറിയാൽ ഉടൻ തന്നെ ജോലികൾ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് ഭൂമി കൈമാറാൻ സാധിക്കുമെന്ന് കെ.ഐ.പി അധികൃതരും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയലുകൾ കെ.ഐ.പി. ചീഫ് എൻജിനിയറുടെ ഓഫീസിൽനിന്ന് സർക്കാരിന് കൈമാറി. 2,58,880 രൂപയാണ് ഭൂമിയുടെ വിലയായി കണക്കാക്കിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊട്ടാരക്കര താലൂക്ക് സർവേ വിഭാഗം ഭൂമി അളന്നുതിട്ടപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഒഴിയുന്നത് വർഷങ്ങളുടെ ദുരിതം

നിലവിൽ ഓടുമേഞ്ഞ പഴയ വാടക കെട്ടിടത്തിലാണ് എഴുകോൺ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വീട്ടാണ് സ്റ്റേഷൻ മന്ദിരമായി ഉപയോഗിക്കുന്നത്. 2005ൽ ഇങ്ങോട്ട് സ്റ്റേഷൻ മാറിയശേഷം വല്ലപ്പോഴും നടത്തുന്ന പെയിന്റിംഗ് അല്ലാതെ കാര്യമായ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിരുന്നില്ല. പഴയ രീതിയിലുള്ള വീടായതിനാൽ മുറികൾ ഇടുങ്ങിയതും വെളിച്ചം കടക്കാത്തതുമാണ്. വായുവും വെളിച്ചവും കടന്നുവരാത്ത ഇവിടെ അസൗകര്യങ്ങളുടെ നടുവിലാണ് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ജോലി ചെയ്യുന്നത്.

ആശ്വാസത്തിൽ ഉദ്യോഗസ്ഥർ

ഒരു സി.ഐ, രണ്ട് എസ്.ഐമാർ, ആറ് വനിതാ ഉദ്യോഗസ്ഥർ എന്നിവരടക്കം അടക്കം 44 അംഗങ്ങളാണ് എഴുകോൺ സ്റ്റേഷനിൽ ഉള്ളത്. വനിതാ പൊലീസുകാർക്ക് ആവശ്യമായ വിശ്രമമുറിയോ പ്രത്യേക ശുചിമുറിയോ ഇവിടെയില്ല. സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങള്‍ക്കായി പ്രത്യേക വിശ്രമമുറി വേണമെന്നിരിക്കെ ഇവിടെ താത്കാലികമായി നിർമ്മിച്ച ഒരു ഷെഡ് മാത്രമാണ് ഉള്ളത്. പരാതിയുമായി വരുന്നർക്ക്‌ പ്രാഥമികകൃത്യം നിർവഹിക്കാൻ പോലും സൗകര്യമില്ല.

സ്റ്റേഷൻ പരിസരത്തും ദുരിതം

പൊലീസ് വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സ്റ്റേഷനിൽ തൊണ്ടിമുതലായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷികാൻ കഴിയാത്ത സ്ഥിതിയാണ്. സ്റ്റേഷന്റെ നാലുവശവും നിറഞ്ഞ തൊണ്ടി വാഹനങ്ങളിൽ മരപ്പട്ടിയും ഇഴജന്തുകളും താവളമാക്കിക്കഴിഞ്ഞു. സമീപം റബ്ബർ മരങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ രാത്രി കാലങ്ങളില്‍ ചെള്ള് ശല്യവും രൂക്ഷമാണ്.