ഗ്രാറ്റുവിറ്റി കുടിശ്ശിക നൽകാൻ 20 കോടി
കൊല്ലം: പ്രധാന പരമ്പരാഗത വ്യവസായമായ കശുഅണ്ടി മേഖലയ്ക്ക് 135 കോടി രൂപ വകയിരുത്തിയതൊഴിച്ചാൽ ജില്ലയ്ക്ക് കാര്യമായ വിഹിതമില്ലെന്ന് വിലയിരുത്തൽ. പരമ്പരാഗത, കാർഷിക മേഖലകൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ ജില്ലയ്ക്ക് കൂടി നേട്ടമാകുമെന്ന ആശ്വാസമുണ്ട്. തീരദേശ മേഖലയ്ക്ക് ലഭിച്ച പരിഗണനയും ജില്ലയ്ക്ക് നേട്ടമാകുമെന്ന് ആശ്വസിക്കാം.
കശുഅണ്ടി വ്യവസായ മേഖലയുടെ ഉത്തേജനം ലക്ഷ്യമിട്ട് അനുവദിച്ച 135 കോടിയിൽ 50 കോടി കാഷ്യു ബോർഡിനാണ്. തോട്ടണ്ടി വാങ്ങാൻ രൂപീകരിച്ച കാഷ്യു ബോർഡ് ഇനി പരിപ്പ് വില്പനയിലും ഇടപെടുമെന്ന് ബഡ്ജറ്റിൽ പറയുന്നു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക നൽകാൻ 20 കോടി വകയിരുത്തി. അടഞ്ഞുകിടക്കുന്ന സ്വകാര്യ. ഫാക്ടറികൾ തുറക്കാനും തുക വകയിരുത്തിയെങ്കിലും ഇത് മുൻ വർഷത്തെ ബഡ്ജറ്റ് ആവർത്തനമാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. 1970 ൽ സർക്കാർ ഏറ്റെടുത്ത ഫാക്ടറികളുടെ ഉടമകൾക്ക് വില നൽകുന്നതിന് 20 കോടി രൂപയുണ്ട്.
കോവളം– ബേക്കൽ ജലപാത ഈ വർഷം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം ജില്ലയ്ക്ക് കൂടി നേട്ടമാകും. അഷ്ടമുടിക്കായലും കൊല്ലം തോടും ഇതിന്റെ ഭാഗമാണ്. കൊല്ലം തോടിന്റെ നവീകരണം പൂർത്തിയാകാറായി.
ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിന് 5374 കോടി രൂപ കിഫ്ബി മുഖേന വകയിരുത്തിയിട്ടുണ്ട്. പാത ആറു വരിയായി വികസിപ്പിക്കുന്നതിനു വസ്തു ഏറ്റെടുക്കുന്നതിനു നടപടികൾ അന്തിമ ഘട്ടത്തിലാണ്. ജില്ലയിൽ 60 കിലോമീറ്റർ ദേശീയപാതയുണ്ട്.
ജില്ലയിലെ മറ്റൊരു പരമ്പരാഗത വ്യവസായമായ കൈത്തറിക്ക് 28 കോടി രൂപ വകയിരുത്തിയത് പ്രതീക്ഷ നൽകുന്നു. സ്‌കൂൾ യൂണിഫോമിന് ഉൾപ്പെടെ ആകെ 153 കോടി രൂപയാണ് ബഡ്ജറ്റ് പ്രഖ്യാപനം. ജില്ലയിൽ ഒട്ടേറെ കൈത്തറി സംഘങ്ങൾ സ്‌കൂൾ യൂണിഫോം നെയ്യുന്നുണ്ട്. തീരദേശ പാക്കേജിന്റെ ഗുണഭോക്താക്കളിൽ ഒന്നാകും കൊല്ലം. കടൽഭിത്തി, പുലിമുട്ട് നിർമാണം, റോഡ് നിർമാണം, ഹാർബർ എൻജിനീയറിംഗ്, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയത്. മത്സ്യ മേഖലയിൽ നടപ്പാക്കുന്ന സമ്പൂർണ പാർപ്പിട പദ്ധതിയും ജില്ലയ്ക്ക് നേട്ടമാകും.
വ്യവസായ മേഖല
# കെല്ലിന് 21 കോടി രൂപ (കുണ്ടറ, എറണാകുളം മാമല, പാലക്കാട് ഒലവക്കോട് എന്നിവിടങ്ങളിലാണ് കെൽ യൂണിറ്റുകൾ).
# കുണ്ടറ കേരള സിറാമിക്സിന് 15 കോടി രൂപ,
# പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് (മീറ്റർ കമ്പനി) 6 കോടി രൂപ.
# സ്പിന്നിംഗ് മിൽ നവീകരണത്തിനു 33.8 കോടി രൂപ വകയിരുത്തിയത് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് പ്രയോജനം ചെയ്യും.
ബോട്ട് ലീഗിന് 20 കോടി
അഷ്ടമുടിക്കായലിൽ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടെ സമാപിക്കുന്ന കേരള ബോട്ട് ലീഗിന് 20 കോടി രൂപയുണ്ട്. തുറമുഖ പട്ടണങ്ങളെ കേന്ദ്രീകരിച്ച് പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തങ്കശ്ശേരിയിൽ മുസിരിസ് മാതൃകയിൽ പൈതൃക പദ്ധതി. 2020–21 സാമ്പത്തിക വർഷം ഇത് കമ്മിഷൻ ചെയ്യും.
പ്രയോജനം കാഷ്യു കോർപ്പറേഷൻ,
കാപ്പക്സ് തൊഴിലാളികൾക്ക് മാത്രം
കശുഅണ്ടി വ്യവസായ മേഖലയ്ക്ക് പ്രഖ്യാപിച്ച 135 കോടി രൂപയുടെ പ്രയോജനം പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യുകോർപ്പറേഷനിലെയും കാപ്പക്സിലെയും തൊഴിലാളികൾക്ക് മാത്രമാകും ലഭിക്കുകയെന്ന് മേഖലയുമായി ബന്ധപ്പെട്ട ട്രേഡ്‌യൂണിയൻ നേതാക്കൾ പറയുന്നു. 2 ലക്ഷത്തിലധികം തൊഴിലാളികളുള്ള വ്യവസായത്തിലെ വെറും 20,000 ഓളം തൊഴിലാളികൾക്ക് മാത്രമാകും പ്രയോജനം ലഭിക്കുക. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കാനും ഇപ്പോൾ അനുവദിച്ച തുക പര്യാപ്തമല്ലെന്ന് എ.ഐ.ടി.യു.സി നേതാവ് ജി.ലാലു പറഞ്ഞു. ഫാക്ടറികൾ തുറക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം പറഞ്ഞു.