കുന്നത്തൂർ: ചക്കുവള്ളി ചിറയ്ക്ക് നടുവിലൂടെ സ്ഥാപിച്ചിരിക്കുന്ന 11 കെ.വി വൈദ്യുതി ലൈൻ പ്രദേശവാസികൾക്ക് അപകട ഭീഷണിയാകുന്നു. ചിറയുടെ തെക്ക് ഭാഗത്ത് താമസിക്കുന്ന അൻപതിലധികം കുടുംബങ്ങളാണ് ഭീഷണിയുടെ നിഴലിൽ കഴിഞ്ഞു വരുന്നത്. ഈ ഭാഗത്തെ വീടുകളിലേക്കും ശൂരനാട് ഫീഡറിലേക്കും വൈദ്യുതി എത്തിക്കുന്നതിന് വേണ്ടിയാണ് 11 കെ.വി ലൈൻ ചിറയ്ക്ക് മുകളിലൂടെ സ്ഥാപിച്ചിട്ടുള്ളത്. അപകടകരമായ ഈ അവസ്ഥ പ്രദേശവാസികൾ ശൂരനാട് ഇലക്ട്രിസിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രളയകാലത്ത് ചക്കുവള്ളി ചിറയുടെ തെക്ക് ഭാഗത്തുള്ളവർക്ക് ഒരാഴ്ച്ചയോളം വൈദ്യുതി ലഭ്യമായിരുന്നില്ല. വൈദ്യുതി ലൈൻ വെള്ളത്തിൽ തട്ടി നിന്നത് കൊണ്ടാണ് ഇവർക്ക് ഇരുട്ടിൽ കഴിയേണ്ടി വന്നത്. ചക്കുവള്ളി ചിറയ്ക്ക് നടുവിലൂടെയുള്ള 11കെവി ലൈൻ വെള്ളത്തിൽ തട്ടി നിൽക്കുന്നത് ചക്കുവള്ളി ചിറയിൽ കുളിക്കാനെത്തുന്നവർക്കും മത്സ്യബന്ധനം നടത്തുന്നവർക്കും ഭീഷണിയാണ്.
50ൽ അധികം കുടുംബങ്ങൾക്ക് അപകട ഭീഷണി
പോസ്റ്റുകളും അപകടാവസ്ഥയിൽ
പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിയ പോസ്റ്റുകൾ ഏത് സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ചക്കുവള്ളി ചിറയുടെ തീരത്ത് തന്നെയാണ് 11 കെ.വി വൈദ്യുതി ലൈനിന്റെ ട്രാൻസ്ഫോർമറും സ്ഥാപിച്ചിട്ടുള്ളത്. ഇതുകൊണ്ടുതന്നെ അപകടം നടന്നാൽ തീവ്രത കൂടുമെന്ന് പ്രദേശവാസികൾ പറയുന്നു. വേനൽക്കാലത്ത് ലൈൻ മാറ്റി സ്ഥാപിക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ പ്രദേശവാസികൾക്ക് പ്രളയ സമയത്ത് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇപ്പോൾ വേനൽക്കാലമായതിനാൽ ലൈൻ മാറ്റി സ്ഥാപിക്കാൻ സൗകര്യമാണ്.