kollam-thodu-tree
കൊല്ലം തോടിന്റെ കരയിൽ നിന്ന മരങ്ങൾ മുറിച്ച് തോട്ടിലേക്ക് തള്ളിയ നിലയിൽ

കൊല്ലം: കൊല്ലം തോടിന്റെ ഇരുകരകളിലെയും തണൽ മരങ്ങൾ മുറിച്ചുതള്ളിയിട്ടും പ്രകൃതി സ്നേഹികളോ ബന്ധപ്പെട്ട അധികൃതരോ ഇടപെടുന്നില്ലെന്ന് പരാതി. കൊടും ചൂടിൽ നിന്ന് ആശ്വാസം പകരുന്ന പുളിമരം, ആൽമരം എന്നിവ ഉൾപ്പെടെയുള്ളവയാണ് വ്യാപകമായി മുറിച്ചുതള്ളുന്നത്. തോട്ടിൽ നിന്ന് കണക്കില്ലാതെ മണലൂറ്റിയത് പോലെ കരാറുകാരന്റെ തന്നിഷ്ടപ്രകാരമാണ് മരം മുറിച്ചുതള്ളുന്നതെന്നും ആരോപണമുണ്ട്.

രണ്ടാഴ്ച മുമ്പാണ് ഇരുമ്പുപാലം മുതൽ കല്ലുപാലം വരെ തോടിന്റെ ഇരുകരകളിലും നിന്ന കൂറ്റൻ മരങ്ങൾ മുറിച്ച് തോട്ടിലേക്ക് തള്ളിയത്. അന്ന് പരിസരവാസികൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇരുമ്പുപാലത്തിന് സമീപം തോടിന്റെ കരയിൽ തണൽവിരിച്ചുനിന്ന ആൽമരം മുറിച്ചുമാറ്റി. മുറിച്ച ശേഷം ജെ.സി.ബിയുമായെത്തി മരത്തിന്റെ തടികൾ മുഴുവൻ കടത്തി. മരത്തണലിൽ സ്ഥിരമായി വിശ്രമിക്കുകയും ചീട്ടുകളിക്കുകയും ചെയ്തവർ പോലും എതിർപ്പുമായെത്താത്തതും കരാറുകാർക്ക് തുണയായി.

 ട്രീ അതോറിറ്റിയെയും നോക്കുകുത്തിയാക്കി

പൊതുസ്ഥലത്ത് നിൽക്കുന്ന തണൽമരം മുറിക്കണമെങ്കിൽ മേയർ ചെയർമാനും സാമൂഹിക വനവത്കരണവിഭാഗം അസി. കൺസർവേറ്റർ കൺവീനറുമായ ട്രീ അതോറിറ്റിയുടെ അനുമതി വേണമെന്നാണ് നിലവിലെ നിയമം. എന്നാൽ ഇവിടെ നടക്കുന്ന മരംമുറിക്കലിന് ട്രീ അതോറിറ്റിയുടെ അനുമതി തേടിയിട്ടില്ലെന്ന് സാമൂഹിക വനവത്കരണവിഭാഗം അസി. കൺസർവേറ്റർ എസ്. ഹീരലാൽ പറഞ്ഞു. രണ്ടാഴ്ച മുമ്പ് മരം മുറിച്ചപ്പോൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ദിവസം വീണ്ടും മരം മുറിക്കുകയും ചെയ്തു.

തോട്ടിൽ നിന്ന് മണലൂറ്റിയ ശേഷം കരകൾ ഇടിഞ്ഞുതാഴുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായി തോടിന്റെ കരയിലെ താമസക്കാർ വച്ചുപിടിപ്പിച്ചതാണ് പല മരങ്ങളും. തോടിന്റെ ചുമതലക്കാരായ ഉൾനാടൻ ജലഗതാഗത വകുപ്പധികൃതരും ഇക്കാര്യത്തിൽ നിസ്സഹായരാണെന്നാണ് പറയുന്നത്. കരാറുകാരുടെ മുഷ്കിന് മുന്നിൽ അവർക്കും പഞ്ചപുച്ഛമടക്കി നിൽക്കേണ്ട അവസ്ഥയാണത്രെ.

 മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി

നവീകരണം പുരോഗമിക്കുന്ന കൊല്ലം തോട് സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നുണ്ട്. അഷ്ടമുടിക്കായൽ മുതൽ കൊച്ചുപിലാംമൂട് വരെ അദ്ദേഹം ബോട്ടിൽ സഞ്ചരിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേര് പറഞ്ഞാണ് കരാറുകാർ വ്യാപകമായി മരം മുറിച്ചു കടത്തുന്നതെന്നാണ് ആരോപണം.