പാരിപ്പള്ളി: എസ്.എൻ.ഡി.പി യോഗം വേളമാനൂർ ശാഖാ ഭാരവാഹികളെ ആക്രമിച്ച പൊലീസുകാരനെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കൊട്ടിയം സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയും വേളമാനൂർ സ്വദേശിയുമായ ബൈജുവിനെതിരെയാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ശാഖാ ഒാഫീസിന് മുന്നിൽ ഭാരവാഹികളായ രാജൻ, ശശിധരൻ എന്നിവരെ ബൈജു വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് അടുത്ത വീട്ടിൽ അഭയം തേടിയ ഇരുവരെയും പാരിപ്പള്ളി പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. ഇയാളുടെ പേരിൽ പാരിപ്പള്ളി, പരവൂർ സ്റ്റേഷനുകളിലായി നാല് കേസുകൾ ഉള്ളതായും നിലവിൽ സസ്പെൻഷനിലാണെന്നും പൊലീസ് അറിയിച്ചു.