polachira
പോളച്ചിറ ഏലായിൽ ലോർഡ് കൃഷ്‌ണ സ്കൂളിന് സമീപം തീപിടിച്ചപ്പോൾ

ചാത്തന്നൂർ: പോളച്ചിറ ഏലായിൽ ലോർഡ് കൃഷ്ണ സ്കൂളിന് സമീപം വയ്ക്കോൽ കുറ്റിക്കും പുല്ലിനും തീ പടർന്നുപിടിച്ച് പുകപടലം ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി ഉയർത്തി. ഫയർ ഫോഴ്‌സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൃഷിക്ക് നിലമൊരുക്കുന്നതിന് വേണ്ടി പുല്ല് കത്തിച്ചതാണ് തീപടർന്ന് പിടിക്കാൻ കാരണമായത്.

തീപിടിച്ചതിന് മുപ്പത് മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ പത്താം ക്ളാസ് വരെയുള്ള നൂറ് കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപത്ത് പ്രവൃത്തിസമയത്ത് മുൻകരുതലുകൾ എടുക്കാതെ പുല്ല് കത്തിച്ചതിൽ രക്ഷാകർത്താക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തീപടർന്നു പിടിച്ചതോടെ സ്കൂളും പരിസരവും പുകപടലങ്ങൾ കൊണ്ടുനിറഞ്ഞിരുന്നു. പരവൂരിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും എത്തിയാണ് തീ കെടുത്തിയത്.

കൊല്ലം സ്വദേശിയുടെ ഭൂമിയിൽ പാട്ട വ്യവസ്ഥയിൽ പാട്ടക്കാരാണ് കൃഷിയിറക്കുന്നത്. ചിറക്കര ഗ്രാ പഞ്ചായത്ത്‌ പോളച്ചിറ ഏലാ ബണ്ട് റോഡ്‌ സൈഡിൽ വെച്ച് പിടിപ്പിച്ച ആയിരം തെങ്ങ് പദ്ധയിൽ ഉൾപ്പെട്ട കുറച്ച് തെങ്ങിൻ തൈകൾ തീപിടിത്തത്തിൽ കത്തിനശിച്ചു.