ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെ സംരക്ഷിക്കുന്ന സ്ഥാപനമാണ് അനാഥാലയം. എന്നാൽ മനുഷ്യർക്ക് മാത്രമല്ല ഒറ്റപ്പെട്ടുപോകുന്ന ആനകൾക്കുമുണ്ട് ഇത്തരത്തിലൊരു ആശ്രയകേന്ദ്രം. പക്ഷേ, നമ്മുടെ നാട്ടിലല്ല അയൽരാജ്യമായ ശ്രീലങ്കയിലാണെന്ന് മാത്രം. കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആനകളെയാണ് ശ്രീലങ്കൻ ഗവൺമെന്റ് ഇവിടെ സംരക്ഷിക്കുന്നത്. ഇവർക്ക് സുരക്ഷിത താവളവും നല്ല ഭക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ശ്രീലങ്കയിലെ കെഗല്ലേ ജില്ലയിൽ പിന്നാവാല എന്ന സ്ഥലത്താണ് ഈ അനാഥാലയം സ്ഥിതി ചെയ്യുന്നത്. മഹാ ഒയാ നദിക്കരയിൽ 25 ഏക്കർ വിസ്‌തൃതിയിലുള്ള തെങ്ങിൻതോപ്പിലാണ് ആനകളെ പാർപ്പിച്ചിരിക്കുന്നത്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് 90 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. 1975ലാണ് ഈ അനാഥാലയം സ്ഥാപിച്ചത്. ഇന്ന് മൂന്നു തലമുറ ആനകളാണ് ഇവിടെ പാർക്കുന്നത്. 3000ൽ അധികം ആനകൾ ഇവിടെയുണ്ട്. വെറും താമസം മാത്രമല്ല ഇവിടത്തെ 'അന്തേവാസികൾക്ക്' കൃത്യമായ ദിനചര്യയുമുണ്ട്. നദിയിൽ വിസ്‌തരിച്ചൊരു കുളിയോടെയാണ് ഒരു ദിവസം ആരംഭിക്കുന്നത്. പച്ചിലകളും തവിടും ചോളവുമാണ് പ്രധാനഭക്ഷണം. വൈകിട്ടും നീരാട്ട് നിർബന്ധമാണ്.
സ്വദേശികളും വിദേശികളും ഉൾപ്പടെ ധാരാളം പേർ ഇവിടെ സന്ദർശകരായെത്തുന്നു. രാവിലെ 8.30നാണ് പിന്നാവാലയിലെ സന്ദർശന സമയം ആരംഭിക്കുന്നത്. വൈകുന്നേരം 6മണി വരെ തുടരും. രാവിലെ 10 മണി മുതൽ നദിക്കരയിൽ നിന്ന് ആനകളുടെ കുളി കാണാനുള്ള സൗകര്യവുമുണ്ട്.