കൊല്ലം: വികസനം സ്‌തംഭിച്ച കേരളത്തിൽ സർക്കാരിന്റെ വാചകമടി മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന നേതൃക്യാമ്പ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും രാഷ്ട്രീയം ജനങ്ങൾ മടുത്തു. അടുത്ത തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. ശാസ്ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ് കേരളത്തിലേത്. വിപ്ലവകരമായ ഭൂപരിഷ്‌കരണ നിയമത്തിൽ പോലും മാറ്റം വരുത്താൻ ശ്രമിക്കുന്നു.
ഐസക്കിന്റെ ബഡ്ജറ്റ് പ്രസംഗം കവി സമ്മേളനം ആയിരുന്നു. ജി.സുധാകരന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും ഒഴികെയുള്ള എല്ലാ കവിതകളും അതിലുണ്ടായിരുന്നു. സുധാകരനുമായുള്ള പ്രശ്‌നം കാരണമാകാം അദ്ദേഹത്തിന്റെ കവിത ഉൾപ്പെടുത്താതിരുന്നത്. മുഖ്യമന്ത്രിക്ക് ഒരു മന്ത്രിയെ പറഞ്ഞു വിടേണ്ടി വന്നു ബഡ്ജറ്റിനിടെ സ്വന്തം എം.എൽ.എമാരെക്കൊണ്ട് കയ്യടിപ്പിക്കാൻ. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച സർക്കാർ അവർക്ക് കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഐ.എൻ.ടി.യു.സിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കും
ഐ.എൻ.ടി.യു.സിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിന് താൻ മുൻകയ്യെടുക്കും. ഉമ്മൻചാണ്ടിയുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട അവസരമാണിത്. വഴക്കുണ്ടാക്കാൻ പറ്റിയ സമയം അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സിക്കും വേണ്ടേ ചെറിയ ചിട്ട ?
ബി.എം.എസ്, സി.ഐ.ടി.യു സമ്മേളനങ്ങളിലെ ചിട്ടയും അച്ചടക്കവും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പ്രസംഗത്തിനിടെ നേതാക്കളെ ഓർമ്മിപ്പിച്ചു. അവിടെ രണ്ടിടത്തും പ്രസംഗിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ മുൻനിറുത്തിയായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ. അത്രയൊന്നും ഇല്ലെങ്കിലും ഐ.എൻ.ടി.യു.സിക്കും ഒരു ചെറിയ ചിട്ട വേണ്ടേ എന്ന് ക്യാമ്പ് പ്രതിനിധികളെ ഓർമ്മിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.