തോപ്പിൽ രവി അനുസ്‌മരണം നടത്തി
കൊല്ലം:അധികാരത്തിന്റെ പങ്കുപറ്റാനും ആളാകാനുമല്ല കെ.എസ്.യുവും യൂത്ത് കോൺഗ്രസും രൂപീകരിച്ചതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന തോപ്പിൽ രവിയുടെ അനുസ്‌മരണ സമ്മേളനവും സാഹിത്യ പുരസ്‌കാര സമർപ്പണവും കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ശരീരത്തിന് നേരെയാണ് ഗോഡ്സെ വെടിവച്ചതെങ്കിൽ ഗാന്ധിയുടെ ആത്മാവിന് നേരെയാണ് കേന്ദ്ര സർക്കാർ വെടിയുതിർക്കുന്നത്.
ബി.ജെ.പി നേതാക്കളുടെ ചുണ്ടിൽ ഗാന്ധി മന്ത്രവും മനസിൽ ഗോഡ്സെ മന്ത്രവുമാണ്. കെ.എസ്.യുവിന് ആദർശ അടിത്തറ രൂപപ്പെടുത്തിയ നേതാവായിരുന്നു തോപ്പിൽ രവി. എ.കെ. ആന്റണി, വയലാർ രവി തുടങ്ങിയവർക്കൊപ്പം യുവാക്കളെ സ്വാധീനിക്കുന്ന ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ തോപ്പിൽ രവിക്ക് വലിയ പങ്കുണ്ടായിരുന്നു. ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്ന ശബ്‌ദവും ശക്തിയും അദ്ദേഹമായിരുന്നുവെന്നും എം.എം.ഹസൻ പറഞ്ഞു.
തോപ്പിൽ രവി ഫൗണ്ടേഷൻ ചെയർമാൻ എ. ഷാനവാസ്ഖാൻ അദ്ധ്യക്ഷനായിരുന്നു. സാഹിത്യ പുരസ്‌കാരം എം. രാജീവ് കുമാറിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഡിബേറ്റ് മത്സരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രപ്രസാദ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്. സുധീശൻ, വി. രാജാകൃഷ്‌ണൻ, എം. രാജീവ്കുമാർ, ഡോ.ജി.പ ത്മറാവു, സൂരജ് രവി തുടങ്ങിയവർ പ്രസംഗിച്ചു. ഡിബേറ്റ് മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അർജുൻ, ആദർശ് എന്നിവർ വിജയികളായി.