library
ഗ്രന്ഥശാലാ മന്ദിരം

തേവലക്കര: ഇന്ദിരാ പ്രിയദർശിനി സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ മന്ദിരോദ്ഘാടനം 12ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 9 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഗ്രന്ഥശാലാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ . ഷിഹാബ് അദ്ധ്യക്ഷത വഹിക്കും. തേവലക്കര സ്‌ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് സംഭാവന നൽകിയ സ്മാർട്ട് ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം സ്കൂൾ ചെയർമാൻ എ. അസീസ് കളീലിൽ നിർവഹിക്കും. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള ആദരിക്കും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യ പ്രഭാഷണവും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ ഉപഹാര സമർപ്പണവും നിർവഹിക്കും. സിനിമാ താരം ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോയും നടക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കെ. സുരേന്ദ്രൻ സംഭാവന നൽകിയ സ്ഥലത്താണ് ഗ്രന്ഥശാല കെട്ടിടം നിർമ്മിച്ചതെന്ന് സെക്രട്ടറി എസ്. അൻസാരി, ജോ. സെക്രട്ടറി ജി. വിഷ്ണു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ. നൗഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.