tem
ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട കാവടി ഘോഷയാത്ര..

പുനലൂർ: തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി കിഴക്കൻ മലയോര മേഖലയിലെ മുരുക ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത ഭക്തസാന്ദ്രമായ കാവടി ഘോഷയാത്ര നടന്നു. ചെമ്മന്തൂർ, നെല്ലിപ്പള്ളി, ഇടമൺ ശ്രീഷൺമുഖ ക്ഷേത്രം, തെന്മല പാലക്കര, ഇടപ്പാളയം, പള്ളംവെട്ടി, ചാലിയക്കര തുടങ്ങിയ നിരവധി മുരുക ക്ഷേത്രങ്ങളിലാണ് മഹാകാവടി ഘോഷയാത്ര നടന്നത്. ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ച് കുന്നുംപുറം, ഇടമൺ ഗവ. എൽ.പി.എസ്, യു.പി.എസ്, ഇടമൺ സത്രം, റെയിൽവേ സ്റ്റേഷൻ വഴി ഇടമൺ ആയിരവല്ലി ശിവ ക്ഷേത്ര സന്നിധിയിലെത്തി. എസ്.എൻ.ഡി.പി യോഗം ഇടമൺ പടിഞ്ഞാറ് ശാഖാ പ്രസിഡന്റ് വി. ദിലീപ്, വൈസ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി ഉദയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. അവിടെ നിന്നും തിരികെ പുറപ്പെട്ട ഘോഷയാത്ര ഇടമൺ സത്രം ജംഗ്ഷൻ , ഇടമൺ -34 വഴി സബ് സ്റ്റേഷനിലെത്തിയ ശേഷം തിരികെ ഷൺമുഖ ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. തുടർന്ന് ദീപാരാധനയും ദീപക്കാഴ്ചയും കലാപരിപാടികളും ആറാട്ടെഴുന്നള്ളത്തും തൃക്കൊടിയിറക്കും നടന്നു. വനിതാ സംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ, വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ്, മുൻ ശാഖാ പ്രസിഡന്റുമാരായ ഡി. സുരേന്ദ്രൻ, എസ്. രാധാകൃഷ്ണൻ, മുൻ ശാഖാ സെക്രട്ടറി സുജാതൻ, ശ്രീലതാ രാധാകൃഷ്ണൻ, സുപ്രഭാ സുഗതൻ, അജിത അനിൽ, വിജയമ്മ രവീന്ദ്രൻ തുടങ്ങിയ നിരവധി പേർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.