v

കൊല്ലം: സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ പോയത് ശരിയാണോയെന്ന് തീർപ്പ് കൽപ്പിക്കാനുള്ള സുവർണാവസരമാണ് കേരളം നൽകിയ ഹർജിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ എഴുപതാം വാർഷികാഘോഷങ്ങൾ റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവർണറെ അറിയിക്കാതെ കേന്ദ്ര നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ല. പ്രതിഷേധങ്ങളും പ്രതിരോധങ്ങളും മറ്റുള്ളവരുടെ സ്വാഭാവിക ജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത്. ഭരണഘടനയെ സംരക്ഷിക്കുകയെന്നതാണ് തന്റെ കടമ. പരിമിതികളുണ്ടെങ്കിലും കഴിവിന്റെ പരമാവധി അതിന് ശ്രമിക്കും. എല്ലാവരും തന്നോട് യോജിക്കണമെന്നില്ല. ഭാരതത്തെ പോലെ വൈവിധ്യങ്ങൾ ഉള്ളതും ഇപ്പോഴും നിലനിൽക്കുന്നതുമായ ജനാധിപത്യ സംസ്‌കാരം ലോകത്ത് വേറെയുണ്ടാകില്ല. എല്ലാ ആശയങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്നും ഗവർണർ പറഞ്ഞു.

റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ പ്രസിഡന്റ് സഞ്ജീവ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ കെ. ഉദയകുമാർ, റോട്ടറി ക്ലബ് അസി. ഡിസ്ട്രിക്ട് ഗവർണർ മാനുവൽ പെരിസ്, സക്കറിയ കെ. സാമുവൽ, പ്രൊഫ. ശശികുമാർ, റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ സെക്രട്ടറി എൻ. രാജു തുടങ്ങിയവർ സംസാരിച്ചു.

 തുടങ്ങിയത് മലയാളത്തിൽ

'സഹോദരി സഹോദരൻമാരെ എല്ലാവർക്കും നമസ്കാരം' എന്ന് മലയാളത്തിൽ പറഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ പ്രസംഗം തുടങ്ങിയത്. റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെ എഴുപതാം വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. റോട്ടറി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓർമ്മിപ്പിക്കുന്നത് 'മാനവ സേവ മാധവ സേവ' എന്ന ആപ്ത വാക്യത്തെയാണെന്നും പറഞ്ഞാണ് അദ്ദേഹം മലയാളത്തിലുള്ള സംസാരം അവസാനിപ്പിച്ച് ഇംഗ്ലീഷ് പ്രസംഗത്തിലേക്ക് കടന്നത്.