കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് ബാധ ഭീതിയൊഴിയുന്നു, നിരീക്ഷണം പൂർത്തിയാക്കിയ 50 പേർ പട്ടികയിൽ നിന്ന് പുറത്തായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന്റെ ഭാഗമായി 21 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. കരുതൽ നടപടി എന്ന നിലയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ 4 പേർ ഐസൊലേഷൻ വാർഡിൽ തുടരുകയാണ്. ഇതോടെ ജില്ലയിലാകെ 287 പേർ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരുടെ ഉടമസ്ഥതയിലോ സംരക്ഷണത്തിലോ ഉള്ള വളർത്തുമൃഗങ്ങളുടെ കണക്കുകൾ മൃഗ സംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ചു. ആവശ്യമെങ്കിൽ മൃഗങ്ങളെ പുനരധിവസിപ്പിക്കാനാവശ്യമായ സജ്ജീകരണങ്ങളും ജില്ലാ തലത്തിൽ നടക്കുന്നു.
സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള പരിശീലനം കളക്ടറേറ്റിൽ സംഘടിപ്പിച്ചു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങൾ കൊറോണ സംബന്ധമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രർത്തിക്കുന്ന കൺട്രോൾ റൂം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ആഫീസർ വി.വി ഷേർലി അറിയിച്ചു.
കൺട്രോൾ റൂം നമ്പർ: 8589015556, 7306750040, 0474 2794004.
ആവശ്യമെങ്കിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ഏറ്റെടുക്കും
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രോഗം സംശയിക്കുന്നവർക്ക് നിരീക്ഷണ സൗകര്യമൊരുക്കാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന സമയം മുതൽ ആശ്രാമം വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ഏറ്റെടുക്കും. കെട്ടിടത്തിൽ തടസമില്ലാതെ വെള്ളവും വൈദ്യുതിയും 24 മണിക്കൂറിനുള്ളിൽ ഉറപ്പുവരുത്താൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. താമസക്കാർ ഉണ്ടെങ്കിൽ അവരെ ഒഴിപ്പിച്ച് പരിസരത്ത് പൂർണ ശുചിത്വം ഉറപ്പു വരുത്തണം. കെട്ടിടം ഏറ്റെടുക്കുന്നതിന് മുൻപ് സൗകര്യങ്ങൾ പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ അനുവദിക്കണം.
ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ
ഒഴിവാക്കിയത്:50 പേരെ
നിരീക്ഷണത്തിൽ:21 പേർ
ഐസൊലേഷൻ വാർഡിൽ: 4പേർ
ആകെ നിരീക്ഷണത്തിൽ: 287 പേർ