കുണ്ടറ: ഒരു കോൺഗ്രസുകാരനെങ്കിലും ബാക്കിയുണ്ടെങ്കിൽ മതേതരത്വം തകരാൻ അനുവദിക്കില്ലെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ കുണ്ടറയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. രാജ്യത്തിന് അടിത്തറ നൽകിയതും പടുത്തുയർത്തിയതും കോൺഗ്രസാണ്. കന്യാകുമാരി മുതൽ ഹിമാലയം വരെ ഒരു കോൺഗ്രസുകാരനെങ്കിലും ബാക്കിയുണ്ടെങ്കിൽ മതേതരത്വം തകരാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി. രതികുമാർ, എം.എം. നസീർ, കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ. മേരിദാസൻ, മിൽമ ചെയർമാൻ കല്ലട രമേശ്, ഡി.സി.സി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, സന്തോഷ് തുപ്പാശ്ശേരിൽ, ഉണ്ണികൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, ഗീതാകൃഷ്ണൻ, നടുക്കുന്നിൽ വിജയൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയൻ, വാഹിത, രവി മൈനാഗപ്പള്ളി, ജ്യോതിർനിവാസ് തുടങ്ങിയവർ സംസാരിച്ചു.