കൊല്ലം: അച്ഛനമ്മമാരുടെ കൈപിടിച്ച് കതിർമണ്ഡപത്തിലേക്ക് കയറുന്നത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ അനീഷ. വരുന്ന മേയിൽ അനീഷയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെങ്കിലും വിധി എല്ലാം തകർത്തു. ഇരു വൃക്കകളും തകരാറിലായതോടെ പ്രതിശ്രുതൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് ഈ നിർദ്ധന പെൺകുട്ടിയുടെ സ്വപ്നങ്ങൾ പൊലിഞ്ഞത്.
പട്ടത്താനം ഓറിയന്റ് നഗർ തുണ്ടയ്യത്ത് കിഴക്കതിൽ അനിൽകുമാർ, ഷേർളി ദമ്പതികളുടെ മകളാണ് അനീഷ. മൂന്നാഴ്ച മുമ്പ് കാലിൽ നീര് പടർന്നതിനൊപ്പം ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വൃക്കകൾ തകാറിലാണെന്ന വിവരം അറിഞ്ഞത്. വൃക്കമാറ്റിവയ്ക്കാൻ വൈകുംതോറും അനീഷയുടെ ആരോഗ്യനില അപകടത്തിലാകും.
അനിൽകുമാറിന് കൂലിപ്പണിയാണ്. മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ചതിൽ വലിയൊരു ഭാഗം സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കായി ചെലവായി. ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് നടത്തിവരികയാണ് അനീഷ. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും അച്ഛന് കൈത്താങ്ങാകാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലിക്ക് പോവുകയായിരുന്നു. ജോലിക്കിടയിൽ നല്ലൊരു സർക്കാർ ജോലിക്കായും അനീഷ പരിശ്രമിച്ചിരുന്നു. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല പഠനവും മുടങ്ങിയിരിക്കുകയാണ്. ബന്ധുക്കളിൽ ചിലർ വൃക്ക ദാനം നൽകാൻ സന്നദ്ധത അറയിച്ചിട്ടുണ്ട്. പക്ഷെ മാറ്റിവയ്ക്കണമെങ്കിൽ വലിയ തുക വേണം. അതാണ് ഈ നിർദ്ധന കുടുംബത്തിന് തിരിച്ചടിയാകുന്നത്. സുമനസുകളുടെ കരുണ ഉണ്ടെങ്കിലേ അനീഷയുടെ സ്വപ്നങ്ങൾ സഫലമാകുള്ളൂ. അമ്മ കെ. ഷേർളിയുടെ പേരിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 3409023933. ഐ.എഫ്.എസ്.സി കോഡ്: സി.ബി.ഐ.എൻ 0281172. ഫോൺ: 8891777139.