samanwaya

ഓടനാവട്ടം: നിർമ്മാണം പൂർത്തിയായി ഒരുവർഷം പിന്നിട്ടിട്ടും വെളിയം പടിഞ്ഞാറ്റിൻകര പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നു. ഉദ്ഘാടന ചടങ്ങിനായി മന്ത്രിമാരുടെ ഡേറ്റ് കിട്ടാത്തതിനാലാണ് ഈ കാലതാമസമെന്നാണ് നാട്ടുകാർ പറയുന്നത്. നാൽപ്പത് വർഷത്തിലധികമായി വാടകക്കെട്ടിടത്തിലാണ് ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടുത്തെ പരാധീനതകൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ കെട്ടിടം. ഇതിന്റെ ഉദ്ഘാടനമാണ് നീളെനീളെയാകുന്നത്.

പടിഞ്ഞാറ്റിൻകരയിലെ സമന്വയ സന്നദ്ധ സേവന സംഘടന കൂട്ടായമയുടെ ശ്രമഫലമായാണ് ഉപകേന്ദ്രത്തിനായി റോഡരികിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. ഇതിനെ പിന്നീട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി. ഇവിടെയാണ് പി.ഐഷാ പോറ്റി എം.എ.എയുടെ വികസനഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ വിനിയോഗിച്ച് 7 മുറികളോടും അനുബന്ധ സൗകര്യങ്ങളോടും പുതിയ കെട്ടിടം നിർമ്മിച്ചത്. വെളിയം പടിഞ്ഞാറ്റിൻകര, കുടവട്ടൂർ, കലയക്കോട് മുതലായ വാർഡുകളിൽ നിന്നും ഏകദേശം 200ൽ പരം കുടുംബങ്ങളാണ് പ്രാഥമിക ഉപകേന്ദ്രത്തിൽ എത്തുന്നത്. ഇവരുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ നിർമ്മിച്ച കെട്ടിടം ഇനിയും ഉദ്ഘാടനം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാണ്.

.....................................
വാടക കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് ആരോഗ്യ ഉപകേന്ദ്രത്തെ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ചികിത്സാ സൗകര്യമില്ലാതെ ജനം വലയുകയാണ്.. ഒരു ഡോക്ടറുടെ ദൈനംദിന സേവനവും മറ്റ് സജ്ജീകരണങ്ങളും ഇവിടെ അനുവദിക്കണം പ്രതിരോധ കുത്തിവയ്പ്, അടിയന്തര ചികിത്സാ സംവിധാനം, ജീവിതശൈലീ രോഗനിവാരണം എന്നിവ ഉറപ്പാക്കണം.. പ്രസന്നൻ, സെക്രട്ടറി,സമന്വയ,വെളിയം പടിഞ്ഞാറ്റിൻകര

................................

പുതിയ കെട്ടിടത്തിൽ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണം ഉദ്ഘാടനം വൈകിപ്പിക്കുന്നതിൽ പ്രതിഷേധമുണ്ട്. വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഇത്തരമൊരു കെട്ടിടം ഇവിടെ സ്ഥാപിക്കാനായത്.

എൻ. വിശ്വരാജൻ സാരംഗ്,വെളിയം പടിഞ്ഞാറ്റിൻകര,