കരുനാഗപ്പള്ളി: പൊതുസമൂഹത്തെ തെറ്രുകളിൽ നിന്ന് മോചിപ്പിച്ച് നേർവഴിക്ക് നയിക്കുന്ന സിദ്ധ ഔഷധമാണ് ഈശ്വരഭക്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനി സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടയിലെ കാപ്പുകെട്ട് വ്രതാനുഷ്ഠാനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവ വിശ്വാസം അന്ധവിശ്വാസമാകരുത്. അസ്വസ്ഥതകളും സംഘഷങ്ങളും നിറഞ്ഞ വാർത്തമാന കാലഘട്ടത്തിൽ മനസിനെ ശുദ്ധീകരിക്കാൻ കഴിയുന്ന മന്ത്രമാണ് ക്ഷേത്രാരാധന. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം വളത്തിയെടുക്കാൻ സമൂഹം ശ്രമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി ഏർപ്പെടുത്തിയ പുലിത്തിട്ട ത്രിഗുണാത്മികാദേവി സത്കീർത്തി പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ വിജയ് യേശുദാസിന് രമേശ് ചെന്നിത്തല സമ്മാനിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ്‌കുമാർ, ഡി.സി.സി സെക്രട്ടറി രവി മൈനാഗപ്പള്ളി, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ എൻ. രാജു, കൃഷ്ണദാസൻപോറ്റി, ശശിധരൻ സുരേന്ദ്രൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പർ ജോളി, ഉത്സവ കമ്മിറ്റി കൺവീനർ കളരിക്കൽ എസ്. സലിംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണസമിതി സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. മുരളീധരൻ നന്ദിയും പറഞ്ഞു. കാപ്പുകെട്ട് വ്രതാനുഷ്ഠാനത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് 6.30ന് വവ്വാക്കാവ് ഗുരുക്ഷേത്രത്തിൽ നിന്ന് വണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.