f
കൊല്ലം ഇരുമ്പ് പാലത്തിന് സമീപം ശിഖിരങ്ങളെല്ലാം മുറിച്ച് നീക്കിയ ആൽ മരം.

കൊല്ലം: കൊല്ലം തോട് ഗതാഗത യോഗ്യമായാലുടൻ യാത്രാ സർവീസ് നടത്താൻ സോളാർ ബോട്ടെത്തും. ദേശീയജലപാത വികസനത്തിനായി രൂപീകരിച്ച പ്രത്യേക സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കെ.ഡബ്ല്യു.ഐ.എൽ) നേതൃത്വത്തിലാണ് സർവീസ് നടത്തുന്നത്.

ജലപാത വഴി സർവീസ് നടത്താൻ കെ.ഡബ്ലിയു.ഐ.എൽ സ്വന്തമായി ഒരു സോളാർ ബോട്ട് വാങ്ങുന്നുണ്ട്. ഇത് ഉപയോഗിച്ചോ അല്ലെങ്കിൽ കൂടുതൽ സോളാർ ബോട്ടുകൾ വാങ്ങിയോ ആകും സർവീസ് നടത്തുക. സ്വകാര്യ ഏജൻസികൾക്ക് താല്പര്യമുണ്ടെങ്കിൽ സർവീസ് അവർക്ക് വിട്ടുനൽകാനും ആലോചിക്കുന്നുണ്ട്. നവീകരണം അന്തിമഘട്ടത്തിലെത്തുന്ന മുറയ്ക്ക് ആറ് സീറ്റുള്ള സ്പീഡ് ബോട്ട് എത്താനും സാദ്ധ്യതയുണ്ട്. കെ.ഡബ്ലിയു.ഐ.എല്ലിന് നിലവിൽ സ്വന്തമായി നാല് സ്പീഡ് ബോട്ടുകളാണുള്ളത്. ഇതിലൊന്ന് ഉപയോഗിച്ച് അടുത്തിടെ നവീകരണം പൂർത്തിയായ സ്ഥലങ്ങളിൽ ആഴം പരിശോധിച്ചിരുന്നു.

 വഴിമുടക്കി ബി.എസ്.എൻ.എൽ

പലതവണ കത്തുനൽകിയിട്ടും കല്ലുപാലത്തിലൂടെ കടന്നുപോകുന്ന കേബിളുകൾ മാറ്റി സ്ഥാപിക്കാൻ ബി.എസ്.എൻ.എൽ തയ്യാറാകുന്നില്ല. പാലത്തിന്റെ നിർമ്മാണത്തിനൊപ്പം തോട് വഴിയുള്ള പരീക്ഷണ ബോട്ട് സർവീസിനും തടസമാകുന്ന തരത്തിലാണ് കേബിളുകൾ ഇപ്പോൾ കിടക്കുന്നത്.

മുഖ്യമന്ത്രിയെത്തും

ഈ മാസം മൂന്നാം വാരത്തിൽ കൊല്ലം തോടിന്റെ നവീകരണ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി വരുന്നുണ്ട്. ഇതിന് മുന്നോടിയായി രണ്ട് ദിവസത്തിനുള്ളിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ കൊല്ലം തോട് വഴി ബോട്ടുയാത്ര നടത്തും. കൊല്ലം ബോട്ട് ജെട്ടി മുതൽ ജലകേളി കേന്ദ്രം വരെയാണ് മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരമാവധി ദൂരത്തിൽ യാത്ര ചെയ്തേക്കും. പുരോഗതി വിലയിരുത്തുന്നതിനൊപ്പം അഷ്ടമുടി കായലിനെയും താന്നി കായലിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള ടൂറിസം പദ്ധതിയുടെ സാദ്ധ്യത കൂടി പരിശോധിക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തും പരീക്ഷണ ബോട്ട് യാത്ര നടക്കും.

സ്വന്തമായി ഉള്ളത് 4 സ്പീഡ് ബോട്ടുകൾ