roa
കൊല്ലം-തരുമംഗലം ദേശീയ പാതയിലെ പുനലൂരിന് സമീപത്തെ വാളക്കോട്ട് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ മേൽപ്പാലം

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയുടെ നവീകരണം ആരംഭിച്ചിട്ടും പാത കടന്നുപോകുന്ന പുനലൂരിന് സമീപത്തുള്ള വാളക്കോട്ടെ ഇടുങ്ങിയ മേൽപ്പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് കരിങ്കല്ലിൽ പണിത മേൽപ്പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിന് മാത്രമേ കടന്ന് പോകാൻ കഴിയൂ. ഇതുമൂലം മേൽപ്പാലത്തിന്റെ രണ്ട് ഭാഗങ്ങളിലും വർഷങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അറുതിയില്ലാതെ തുടരുകയാണ്. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡാണ് നവീകരിച്ചു മോടി പിടിപ്പിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗ മന്ത്രാലയത്തിൽ നിന്നനുവദിച്ച 35 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനം ആരംഭിച്ചത്. ഇതിന് മുന്നോടിയായി രണ്ട് മാസം മുമ്പ് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് ഇന്റർ ലോക്ക് കട്ടകൾ പാകിയിരുന്നു. ഇപ്പോൾ ഇടിഞ്ഞിറങ്ങിയ പാതയോരങ്ങളിൽ പാർശ്വഭിത്തി പണിയുന്നതിനൊപ്പം, ഓടയുടെ നിർമ്മാണമാണ് നടന്നുവരുന്നത്. ഇത് പൂർത്തിയാക്കിയ ശേഷമാണ് റോഡ് റീടാറിംഗ് നടത്തി മനോഹരമാക്കുന്നത്. എന്നാൽ നൂറ്റാണ്ടുകളായി വാളക്കോട് സ്ഥിതി ചെയ്യുന്ന മേൽപ്പാലം പുനർ നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തത് കാരണം ചരക്ക് ലോറികൾ അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ അകപ്പെടുന്ന അവസ്ഥ തുടരുകയാണ്.

35 കോടി രൂപ ചെലവഴിച്ചാണ് ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡ് നവീകരിക്കുന്നത്

അപകടക്കെണിയായി ഇടുങ്ങിയ മേൽപ്പാലം

കെ.എസ്.ആർ.ടി.സി ബസുകളടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയിലാണ് ഇടുങ്ങിയ മേൽപ്പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് കീഴിലൂടെ കടന്ന് പോകുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയുടെ ഗേജ്മാറ്റ സമയത്ത് മേൽപ്പാലം പുനർ‌ നിർമ്മിക്കാൻ പദ്ധതിയിട്ടു. ഇതിന്റെ മുന്നോടിയായി പ്രാരംഭ ജോലികൾ ആരംഭിച്ചെങ്കിലും റെയിൽവേയും ദേശീയ പാത അധികൃതരും തമ്മിലുണ്ടായ ഭിന്നതയെ തുടർന്ന് നിർമ്മാണപ്രവർത്തനം നിറുത്തി വയ്ക്കുകയായിരുന്നു. എന്നാൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇരു വിഭാഗങ്ങളുമായി ബന്ധപ്പെട്ട് മേൽപ്പാലം പണി പുനരാരംഭിക്കാൻ തയ്യാറാകാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. മേൽപ്പാലം വഴി വാഹനങ്ങൾ കടന്ന് വരുമ്പോൾ കാൽ നടയാത്രക്കാർക്ക് ഒഴിഞ്ഞു നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. സമീപത്തെ വാളക്കോട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർ മേൽപ്പാലത്തിലൂടെ വേണം നടന്ന് പോകേണ്ടത്.

പുതിയ പാലം പണിയണം

ദേശീയ പാതയുടെ നവീകരണത്തിനൊപ്പം ഇടുങ്ങിയ പഴഞ്ചൻ മേൽപ്പാലം പെളിച്ചുനീക്കി പുതിയ പാലം പണിതാൽ ഗതാഗത തടസങ്ങൾ ഇല്ലാതെ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഇതുവഴി കടന്ന് പോകാൻ കഴിയും. പാലത്തിന്റെ കരിങ്കല്ലിൽ പണിത ഉയരം കുറഞ്ഞ കൈവരികൾക്ക് മുകളിലൂടെ കഴിഞ്ഞ വർഷം ഇരുമ്പ് കൈവരികൾ സ്ഥാപിച്ചതല്ലാതെ പാലം പുനരുദ്ധരിക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഇരുപത് ടണ്ണിന് മുകളിൽ ഭാരം കയറ്റിയ വാഹനങ്ങൾ പാലം വഴി കടന്ന് പോകരുതെന്ന സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അറുപത് ടൺ തൂക്കം വരെ ഭാരം കയറ്റിയ ലോറികളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വർഷങ്ങളായി പാലം അപകട ഭീഷണി നേരിടുകയാണ്.