കൊല്ലം: കൊട്ടാരക്കര കില ഇ.ടി.സി ഇടുക്കി ദേവികുളത്തെ ഇടമലക്കുടിയിലും അടിമാലിയിലെ കുറത്തിക്കുടിയിലും ഗോത്രായനം നടത്തി. പുതുതായി സർവീസിലെത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ ഇൻ സർവീസ് പരിശീലനത്തിന്റെ ഭാഗമായാണ് ഗോത്രായനം സംഘടിപ്പിച്ചത്. ഇടമലക്കുടിയിലും കുറത്തിക്കുടിയിലും അതിദുർഘട പാതയിലൂടെയാണ് വി.ഇ.ഒ മാരുടെ സംഘമെത്തിയത്. ആദ്യമായാണ് വി.ഇ.ഒ.മാരുടെ പരിശീലനം ഈ മേഖലയിൽ നടത്തുന്നത്.
മൂന്നാർ രാജമല വഴി റിസർവ് വനമേഖലയായ ഇരവികുളം നാഷണൽ പാർക്കിനകത്തുകൂടി 16 കിലോമീറ്ററോളം യാത്ര ചെയ്‌താണ് സംഘം ഇടമലക്കുടിയിലെത്തിയത്. രണ്ടര മീറ്റർ മാത്രമുള്ള ഇടുങ്ങിയതും അതിദുർഘടവും വന്യമൃഗഭീതിയുള്ളതുമായ കാട്ടുപാതയിലൂടെയാണ് 21 വനിതകൾ ഉൾപ്പെട്ട 42 അംഗ വി.ഇ.ഒ.മാരുടെ സംഘം സഞ്ചരിച്ചത്. ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ ജീവിതാവസ്ഥകൾ, സംസ്‌കാരം എന്നിവ നേരിട്ടു മനസിലാക്കാനും ഉൾവനങ്ങളിൽ അതീവദുർഘട മേഖലയിൽ താമസിക്കുന്നവരുടെ വികസന പ്രശ്‌നങ്ങൾ നേരിട്ടറിയാനുമാണ് പഠനം ലക്ഷ്യമിട്ടത്.
ശ്രദ്ധേയമായി ഗോത്രായന സംഗമം
ഗോത്രായനത്തിന്റെ ഭാഗമായി ദേവികുളം, അടിമാലി ബ്ലോക്കുകളിൽ ഗോത്രായന സംഗമവും നടത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്ത ഗോത്രവർഗ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഇടമലക്കുടിയിലും കുറത്തിക്കുടിയിലും ഗോത്രമേഖലയിൽ നടത്തിയ സന്ദർശനത്തിന്റെ അനുഭവങ്ങൾ പരിശീലനാർത്ഥികൾ വിവരിച്ചു. ഇ.ടി.സി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ, ഇ.ടി.സി ഫാക്കൽറ്റി അംഗങ്ങളായ ജി. മുരളീധരൻപിള്ള, ബി. ഷബിന, വി.പി.റ ഷീദ് എന്നിവർ നേതൃത്വം നൽകി.
..................................
പദ്ധതികൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് വി.ഇ.ഒ മാരെ
പ്രാപ്‌തരാക്കുന്നതിനുള്ള പഠന പരിശീലനം ആണ് ഗോത്രായനം.
ജി.കൃഷ്ണകുമാർകൊട്ടാരക്കര കില ഇ.ടി.സി പ്രിൻസിപ്പൽ