പത്തനാപുരം: സൂര്യഭഗവാനെ സാക്ഷി നിറുത്തി പട്ടാഴിയമ്മയ്ക്ക് ഭക്തരുടെ പൊങ്കാല സമർപ്പണം. ദേവിക്ക് പൊങ്കാല അർപ്പിക്കാനായി ആയിരങ്ങളാണ് പട്ടാഴിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 7ന് ആലപ്രത്ത് മഠം ദേവീ പ്രസാദ് ഭട്ടതിരി ഭദ്രദീപം തെളിച്ചതോടെ മകര പൊങ്കാല യ്ക്ക് തുടക്കമായി. ക്ഷേത്രത്തിരുമുറ്റം, സ്‌കൂൾ ഗ്രൗണ്ട്, വരിക്കപ്ലാമൂട്, റോഡ് വശം എന്നിവിടങ്ങളിലാണ് പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചിരുന്നത്. രാവിലെ മുതലേ വലിയ തിരക്കാണ് ക്ഷേത്രസന്നിധിയിൽ അനുഭവപ്പെട്ടത്. ഭക്തർക്ക് സഹായവുമായി ക്ഷേത്ര ഉപദേശക സമിതിയുടെ വോളണ്ടിയർമാർ രംഗത്തുണ്ടായിരുന്നു. പത്തനാപുരം, കുന്നിക്കോട് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും വൈദ്യ സാഹായവുമായി ആരോഗ്യ വകുപ്പും വിവിധ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. രാവിലെ 9.30 ന് നടന്ന പ്രസാദ വിതരണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്. രവി നിർവഹിച്ചു. ആദ്യ പ്രസാദം അസി. ദേവസ്വം കമ്മിഷണർ ടി.എം. വിജയൻ പിളള സ്വീകരിച്ചു. പൊങ്കാല സമർപ്പണത്തിനായെത്തിയ ഭക്ത ജനങ്ങൾക്കായി
വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്ര ഉപദേശക സമിതി ഒരുക്കിയത്. ഉപദേശക സമിതി പ്രസിഡന്റ് എം.ജി. രഞ്ജിത്ത് ബാബു, സെക്രട്ടറി ആർ. വിജരാജൻ പിള്ള, വൈസ് പ്രസിഡന്റ് പി. ലെജു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.