പത്തനാപുരം: പട്ടാഴി ദേവീക്ഷേത്രത്തിലെ പൊങ്കാലക്കിടെ വയോധികയുടെ മാല കവർന്ന യുവതിയെ പൊലീസ് പിടികൂടി. മധുര സ്വദേശിനി കസ്തൂരിയാണ് (41)വനിതാ പൊലീസ് സംഘത്തിന്റെ പിടിയിലായത്. പട്ടാഴി ചരുവിള വീട്ടിൽ വിജയമ്മയുടെ കഴുത്തിൽ കിടന്ന മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് വനിതാ പൊലീസുകാർ ഓടിയെത്തി കസ്തൂരിയെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പൊങ്കാലയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനുള്ള തിരക്കിനിടെയായിരുന്നു മോഷണം നടന്നത്. പിടിക്കപെടുമെന്നായപ്പോൾ പൊട്ടിച്ചെടുത്ത മാല തറയിലിട്ട ശേഷം കടന്നുകളയാനും ഇവർ ശ്രമം നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു.