കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി മത്സരം എ ഡിവിഷൻ ഫൈനൽ മികവുറ്റ താരങ്ങളെ കൂടി സമ്മാനിച്ചാണ് അവസാനിച്ചത്. കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിൽ മത്സരിക്കാനെത്തി മഞ്ഞപ്പിത്തം ബാധിച്ച് മരണമുഖത്തെത്തി തിരിച്ചുവന്ന റുതുജ പിസാലാണ് ടൂർണമെന്റിലെ മികച്ച മുന്നേറ്റനിര താരമായത്. മഹാരാഷ്ട്ര ടീമിന്റെ നെടുംതൂണായ റുതുജ പിസാൽ ഇത്തവണ നേടിയത് പത്തു ഗോളുകളാണ്.
ചാമ്പ്യന്മാരായ ഹരിയാന ടീമിന്റെ മിന്നും താരമായ മഹിമാ ചൗധരിയാണ് ടൂർണമെന്റിലെ മികച്ച താരം. ഇതിനൊപ്പം ടൂർണമന്റിലെ മികച്ച പ്രതിരോധനിര താരമായി തിരഞ്ഞെടുക്കപ്പെട്ടതും മഹിമയാണ്. മദ്ധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ വിജയകരമായ മുന്നേറ്റത്തിന്റെ പ്രധാന പങ്കുവഹിച്ച ഗരിമ്പം ബിച്ചു ദേവിയാണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ.