c
കശുഅണ്ടി

കൊല്ലം: സംസ്ഥാനത്ത് നിന്ന് കശുഅണ്ടി പരിപ്പിന്റെ കയറ്റുമതി ഇടിയുന്നു. പത്ത് വർഷം മുമ്പുള്ളതിന്റെ പകുതിയിൽ താഴെയായാണ് കയറ്റുമതി ഇടിഞ്ഞത്. ഫാക്ടറികൾ കൂട്ടത്തോടെ അടഞ്ഞുകിടക്കുന്നതും വ്യവസായികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഫാക്ടറികൾ മാറ്റിയതുമാണ് കയറ്റുമതി ഇടിയാൻ കാരണം.

2011-12 വർഷത്തിൽ 68655 മെട്രിക് ടൺ കശുഅണ്ടിയാണ് കയറ്റി അയച്ചിരുന്നത്. എന്നാൽ 2018-19ൽ 29062 മെട്രിക് ടൺ മാത്രമാണ് കയറ്റിയയച്ചത്. ഇന്ത്യയിൽ നിന്ന് കയറ്റി അയയ്ക്കുന്ന പരിപ്പിന്റെ അളവും ഇടിഞ്ഞിട്ടുണ്ട്.

9 വർഷം മുമ്പ് രാജ്യത്ത് നിന്നും കയറ്റിഅയയ്ക്കുന്ന പരിപ്പിന്റെ 52.4 ശതമാനം കേരളത്തിൽ നിന്നായിരുന്നു. കഴിഞ്ഞവർഷം അത് 42.7 ശതമാനമായി ഇടിഞ്ഞു. യു.എ.ഇ, നെതർലൻഡ്, ജപ്പാൻ, സൗദി അറേബ്യ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കശുഅണ്ടി കയറ്റി അയയ്ക്കുന്നത്. തോട്ടണ്ടി ഇറക്കുമതിയും കഴിഞ്ഞവർഷത്തേക്കാൾ ഇടിഞ്ഞിട്ടുണ്ട്. 2017-18ൽ 63,508 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 43,341 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്.

 കയറ്റുമതി

വർഷം അളവ് (മെട്രിക് ടൺ)

2018-19- 29,062

2017-18- 36,930

2016-17- 38,054

2015-16- 50,652

2014-15- 68,150

2013-14- 65,679

2012-13- 53,624

2011-12- 68,655

 തോട്ടണ്ടി ഉല്പാദനവും കുറഞ്ഞു

2017-18ൽ സംസ്ഥാനത്ത് 88,150 മെട്രിക് തോട്ടണ്ടിയാണ് ആഭ്യന്തരമായി ഉല്പാദിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇത് 6 ശതമാനം ഇടിഞ്ഞ് 82, 899 മെട്രിക് ടണ്ണായി.