പ്രവൃത്തി കളക്ടറുടെ അനുമതിയോടെയെന്ന് തെറ്റിദ്ധരിപ്പിച്ച്
ചാത്തന്നൂർ: ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ പോളച്ചിറ ഏലായിൽ കൃഷിക്കായി മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ മറവിൽ നിലം കുഴിപ്പും ചെളിയെടുപ്പും. പോളച്ചിറ ഏലായിലെ മണ്ണാത്തി പാറയ്ക്ക് സമീപമാണ് മണ്ണ് മാന്തി യന്ത്രമുൾപ്പെടെ എത്തിച്ച് ഏലാ കുഴിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി എത്തിയതോടെ റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും പ്രവൃത്തികൾ നിറുത്തിവയ്പ്പിച്ച് സ്ഥലം നികത്തി പൂർവസ്ഥിതിയിലാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് നിലമുടമയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവുണ്ടെന്ന വ്യാജേനയുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് പ്രവൃത്തികൾ നടന്നത്. 10 സെന്റ് സ്ഥലത്തോളം കുഴിച്ചതോടെ പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. വിവരമറിഞ്ഞ് ചിറക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം രജിത രാജേന്ദ്രൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വിശ്വരാജൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിലീപ് ഹരിദാസൻ, സി.ആർ. അനിൽകുമാർ, പി. സുഭാഷ്, ജയകുമാർ, എൽ.എസ്. ദീപക്, എസ്. ശർമ്മ, പ്രവീൺ പ്രതാപ് എന്നിവരും സ്ഥലത്തെത്തി. തുടർന്ന് റവന്യൂ, പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, വില്ലേജ് ഓഫീസർ ആർ. ജ്യോതിഷ് തുടങ്ങിയവർ സ്ഥലത്തെത്തി നിലം ഉടമയുമായി സംസാരിക്കുകയും നിലം പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ഈ നിലം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുന്നതാണ്. ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ഒരു മീനും ഒരു നെല്ലും കൃഷി പദ്ധതി പ്രകാരം മത്സ്യക്കൃഷി നടക്കുന്ന സമയത്ത് നിലമുടമയ്ക്കും മത്സ്യ കൃഷി നടത്തുവാൻ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ സ്ഥലത്ത് മാലിന്യം നിറഞ്ഞുകിടക്കുന്നുവെന്ന് കാണിച്ച് കളക്ടർക്ക് അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നിലം പരിവർത്തനപ്പെടുത്താതെയും രൂപാന്തരപെടുത്താതെയും മാലിന്യം നീക്കം ചെയ്യാൻ ലഭിച്ച അനുമതിയുടെ മറവിലാണ് അനധികൃതമായി ഒരു മീറ്ററോളം ആഴത്തിൽ നിലം കുഴിച്ചതും അനധികൃതമായി ചെളി നീക്കം ചെയ്തതും. പരിസ്ഥിതി ദുർബല പ്രദേശമായ ചിറക്കര വില്ലേജിലെ പോളച്ചിറ പാടശേഖരത്തിൽ പരിസ്ഥിതിക്ക് ദോഷകരമായ ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും ജനപ്രതിനിധികൾ പറഞ്ഞു.
പ്രവൃത്തികൾ നടന്നത് അനുമതിക്ക് വിരുദ്ധമായി
കളക്ടറുടെ അനുമതിക്ക് വിരുദ്ധമായാണ് നിലം ഉടമ പ്രവർത്തിച്ചതെന്ന് ചിറക്കര വില്ലേജ് ഓഫീസർ ആർ. ജ്യോതിഷ് പറഞ്ഞു. ഉടമയ്ക്ക് നിലത്തിലെ മാലിന്യം നീക്കം ചെയ്യാൻ മാത്രമാണ് അനുവാദം നൽകിയത്. നിലം കുഴിച്ച് പരിവർത്തനപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടയുടൻ സ്ഥലത്തെത്തി നിലം പൂർവസ്ഥിയിലാക്കാൻ കർശന നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള അനുമതികളുടെ മറവിൽ മറ്റാരെങ്കിലും നിലം പരിവർത്തനം വരുത്തിയിട്ടുണ്ടോന്ന് പരിശോധിക്കുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.