ചാത്തന്നൂർ: നിയന്ത്രണം വിട്ട കാർ ബൈക്കിലും കാറുകളിലും ഇടിച്ചു ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വർക്കല അയിരൂർ സ്വദേശികളായ മുരുകൻ, ബിന്ദു, ജിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് ദേശീയപാതയിൽ ഊറാംവിള ജംഗ്ഷനിലാണ് അപകടം നടന്നത്.
സംഭവത്തെക്കറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന സ്വിഫ്റ്റ് കാർ അതേദിശയിൽ വന്ന ബൈക്കിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിലും പിക് അപ്പ് വാനിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു കാർ റോഡ് സൈഡിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുടേതാണ് കാർ.
ബൈക്ക് യാത്രക്കാരായ മൂന്ന് പേരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തoഭിച്ചു. ചാത്തന്നൂർ പൊലീസ് എത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.