ഓച്ചിറ: നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച പാവുമ്പ കാളിയൻ ചന്ത - മലയുടെകുറ്റി റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും സമ്മേളനവും നടത്തി. പാർലമെന്റ് ഇലക്ഷന് മുമ്പ് നിർമാണ ഉദ്ഘാടനം കഴിഞ്ഞ ഈ റോഡിലൂടെ കാൽനടയാത്ര അസാദ്ധ്യമാണെന്നും വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്നപൊടി ശല്യം കാരണം പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള റോഡിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നേതാക്കളായ ശരത്കുമാർ, മോഹനൻപിള്ള, ശങ്കരൻകുട്ടി, രാധാകൃഷ്ണൻ, ദേവരാജൻ എന്നിവർ നേതൃത്വം നൽകി.