മദ്ധ്യപ്രദേശിലെ മണ്ട്ല ഗ്രാമത്തിൽ വിധവകളില്ല, എല്ലാ സ്ത്രീകളും വിവാഹിതരാണ്. അതെങ്ങനെ സംഭവിക്കുന്നു എന്നല്ലേ? ഭർത്താവ് മരിച്ചാൽ ആ കുടുംബത്തിൽ അടുത്ത അവിവാഹിതനെ കണ്ടെത്തി വിവാഹം കഴിക്കണം. അത് പേരക്കുട്ടിയാണെങ്കിലും വിവാഹം കഴിക്കണം എന്നതാണ് ഗ്രാമത്തിലെ ആചാരം. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് വിവാഹം കഴിക്കാൻ കുടുംബത്തിൽ മറ്റാരും ഇല്ലെങ്കിലോ ആരും തയ്യാറാവാത്ത സാഹചര്യം വന്നാലോ വളയിടൽ ചടങ്ങ് നടത്തും. ഗ്രാമത്തിലെ മുതിർന്ന ആരെങ്കിലും വെള്ളി കൊണ്ടുണ്ടാക്കിയ വള സ്ത്രീയ്ക്ക് അണിയിക്കുന്നതോടെ അവൾ വിവാഹിതയായി കണക്കാകും. പിന്നീട് കഴിയുന്നത് ആ വളയിട്ടയാളുടെ വീട്ടിലായിരിക്കും. ഈ ഗ്രാമത്തിൽ ഒരു ആറു വയസുകാരന് തന്റെ മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നിട്ടുണ്ട്. മുത്തച്ഛൻ മരിക്കുമ്പോൾ ഗ്രാമത്തിലെ ആചാരം നിലനിറുത്താൻ 60 വയസുള്ള മുത്തശ്ശിയെ വിവാഹം കഴിക്കേണ്ടി വന്നു. പിന്നീട് എല്ലാ ചടങ്ങിലും ഭാര്യയും ഭർത്താവുമായാണ് ഇവർ പങ്കെടുക്കുന്നത്. ഭർത്താവ് മരിച്ചതിന് ശേഷം ഭർതൃസഹോദരനെയും, കൊച്ചുമകനെയും എന്നിങ്ങനെ പലരെയും വിവാഹം കഴിച്ച് ജീവിക്കുന്നവർ ധാരാളമാണ്. പ്രായത്തിന് അധികം വ്യത്യാസം ഇല്ലാത്തവർ ഒന്നിച്ച് സന്തോഷത്തോടെ കഴിയുന്ന കുടുംബങ്ങളുമുണ്ട്. പ്രായത്തിൽ ഒരുപാട് വ്യത്യാസം ഉള്ളവരെ വിവാഹം കഴിക്കുന്ന ആൺകുട്ടികൾക്ക് മുതിർന്ന് കഴിയുമ്പോൾ ഒരിക്കൽ കൂടി വിവാഹം കഴിക്കുന്നതിന് ഗ്രാമത്തിലെ ആചാരം അനുവദിക്കുന്നുണ്ട്.