വരുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങൾ
വിശദരൂപരേഖ തയ്യാറാക്കുന്നത് കെ.എസ്.ടി.പി
നിർമ്മാണം ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ
കൊല്ലം: കൊട്ടിയം - കുണ്ടറ റോഡ് അന്താരാഷ്ട്ര നിലവാരമുള്ള റോഡ് സുരക്ഷാ ക്രമീകരണങ്ങളുള്ള ജില്ലയിലെ ആദ്യ സുരക്ഷിത ഇടനാഴിയാകും. കാൽനടക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാതൃകാ സുരക്ഷാ വീഥി പദ്ധതിയിൽ കുണ്ടറ - കൊട്ടിയം റോഡിനെ ഉൾപ്പെടുത്തി.
സംവിധാനങ്ങൾ ഇവ
ലോക ബാങ്ക് സഹായത്തോടെ നവീകരിച്ച കഴക്കൂട്ടം - അടൂർ റോഡിന്റെ മാതൃകയിലാകും വികസനം. 17 കിലോ മീറ്ററാണ് റോഡിന്റെ ആകെ നീളം. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന കേന്ദ്രങ്ങളിലെല്ലാം സീബ്രാ ലൈനുകൾ അടയാളപ്പെടുത്തും. ഇന്റർലോക്കുകൾ പാകി റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത വികസിപ്പിക്കും. പുതിയ ഓടകൾ നിർമ്മിക്കുന്നതിനൊപ്പം നിലവിലുള്ളത് നവീകരിക്കും. വാഹനാപകടങ്ങൾ കുറയ്ക്കാൻ റോഡ് വക്കുകളിൽ ഗതാഗത ചിഹ്നങ്ങളും സ്ഥാപിക്കും. വീതികുറഞ്ഞ ഇടങ്ങൾ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. പ്രധാന ജംഗ്ഷനുകളിൽ ബസ് ബേകളും സ്ഥാപിക്കും.
സംയുക്ത സമിതി രൂപീകരിക്കും
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏജൻസിയാകും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) പദ്ധതിയുടെ വിശദരൂപരേഖ തയ്യാറാക്കി വരികയാണ്. പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിനാകും നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പൊതുമരാമത്ത്, മോട്ടോർ വാഹന, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സമിതി രൂപീകരിക്കും. ലോക് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാകും നിർമ്മാണം. രൂപരേഖ തയ്യാറായാലേ ചെലവ് പൂർണമായി കണക്കാക്കാനാകൂ. ഒരു വർഷത്തിനുള്ളിൽ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
റോഡിന്റെ നീളം 17 കിലോമീറ്റർ
പ്രധാന കേന്ദ്രങ്ങളിൽ സീബ്രാലൈനുകൾ
റോഡ് വക്കുകളിൽ ഗതാഗത ചിഹ്നങ്ങൾ
നടപ്പാതകളിൽ ഇന്റലോക്ക് പാകും
വീതികുറഞ്ഞ ഇടങ്ങൾ വികസിപ്പിക്കും