പിഴ ഒരോ ലക്ഷം രൂപ
കൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒൻപത് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം കഠിന തടവും ഓരോ ലക്ഷം രൂപ പിഴയും കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ.സുജിത്ത് വിധിച്ചു.
ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി നാല് വർഷവും മൂന്ന് മാസവും കൂടി ശിക്ഷ അനുഭവിക്കണം. പ്രതികൾ അടയ്‌ക്കുന്ന പിഴത്തുക ജയന്റെ മാതാവിന് നൽകാനും കോടതി വിധിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയതിന് തൊട്ടുമുമ്പ് ഒളിവിൽ പോയ തൃക്കടവൂർ കടവൂർചേരി വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത്ത് (31,രജനീഷ്), തൃക്കരുവ ഞാറയ്‌ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജംഗ്ഷൻ പരപ്പത്ത്‌വിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34, അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39,പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നീ പ്രതികൾ ഇന്നലെ പുലർച്ചെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. രാവിലെ 11.15 ന് കോടതിയിൽ ഹാജരാക്കി. ശിക്ഷാവിധിക്ക് ശേഷം ഉച്ചയ്‌ക്ക് ഒന്നരയോടെ ജയിലിലേക്ക് കൊണ്ടുപോയി. ശിക്ഷയെക്കുറിച്ച് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഒമ്പത് പേരുടെയും പ്രതികരണം. ഈ മാസം ഒന്നിനാണ് ഒൻപതു പ്രതികൾക്കെതിരെയും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയത്. അന്ന് ഹാജരാകാതെ ഒളിവിൽപ്പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിനൊപ്പം പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.കേസ് പരിഗണിച്ച നാലിനും ഏഴിനും പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് 14 ലേക്ക് കേസ് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കീഴടങ്ങിയതിനാൽ ഉടൻ വിധി പ്രസ്താവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി.മഹേന്ദ്ര, വിഭു.ആർ.നായർ എന്നിവർ ഹാജരായി.
ശിക്ഷ ഇങ്ങനെ
143 ( അന്യായമായി സംഘം ചേരൽ) : മൂന്ന് മാസം
147 (ലഹള) : ഒരു വർഷം
148 ( ആയുധം ഉപയോഗിച്ചുള്ള ലഹള) : രണ്ട് വർഷം
324 ( ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക): ഒരു വർഷം
302 (കൊലപാതകം) : ജീവപര്യന്തം, ഒരു ലക്ഷം രൂപ വീതം പിഴ
64 വെട്ടുകൾ
2012 ഫെബ്രുവരി ഏഴിന് പകലാണ് തൃക്കടവൂർ കോയിപ്പുറത്ത് വീട്ടിൽ രാജേഷ് എന്ന കടവൂർ ജയനെ (35) ആർ.എസ്.എസിൽ നിന്ന് തെറ്റിപിരിഞ്ഞതിന്റെ വിരോധത്തിൽ കടവൂർ ക്ഷേത്രത്തിന് സമീപം നടുറോഡിലിട്ട് പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. 64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. 14 സെന്റീമീറ്റർ നീളത്തിലും ഏഴ് സെന്റീമീറ്റർ ആഴത്തിലുമുള്ള വെട്ടുകൾ ഇതിൽപ്പെടും. അഞ്ച് ദൃക്‌സാക്ഷികൾ ഉൾപ്പെടെ 23 സാക്ഷികൾക്ക് പുറമെ 38 തൊണ്ടി മുതലുകളും രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഒരാളും ദൃക് സാക്ഷിയായി എത്തി . 9-ാം പ്രതി ഉൾപ്പെടെ 20 സാക്ഷികളെയാണ് പ്രതിഭാഗം ഹാജരാക്കിയത്.
വിചാരണ കോടതിക്കെതിരെ
ഇന്നലെയും ഹർജി
ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് വിധിച്ച കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതിക്കെതിരെ ഒന്നാം പ്രതി വിനോദ് ഇന്നലെ ഹർജി നൽകിയെങ്കിലും വിധി പ്രഖ്യാപിച്ച കോടതി തള്ളി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറി, മൊഴികൾ രേഖപ്പെടുത്തിയില്ല ,തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പാലിച്ചില്ല തുടങ്ങിയവയാണ് ഹർജിയിലെ പ്രധാന ആരോപണങ്ങൾ. വിചാരണ പൂർത്തീകരിച്ച നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി കൊല്ലത്തെ തന്റെ അവസാനത്തെ പ്രവൃത്തി ദിനമായ ഫെബ്രുവരി ഒന്നിനാണ് പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചത്. അന്ന് പ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് വിധി പറയാൻ രണ്ടാം അഡിഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ നിഷ്‌പക്ഷമല്ലാത്തതിനാൽ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവുമായി പ്രതിഭാഗം ഹൈക്കോടതിയിൽ മൂന്ന് ഹർജികൾ നൽകിയിരുന്നു.