കരുനാഗപ്പള്ളി: കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയായി റോഡരികിലെ മേൽമൂടിയില്ലാത്ത ഓടകൾ. ആയിരംതെങ്ങ് - പത്മനാഭൻ ജെട്ടി റോഡ് കടന്ന് പോകുന്ന തുറയിൽക്കുന്ന് ഓണംമ്പള്ളിൽ ജംഗ്ഷന് സമീപമാണ് ഈ അപകടക്കെണി. ഓടയിൽ പുല്ല് വളർന്ന് തിരിച്ചറിയാനാകാത്തതും ഭീഷണി വർദ്ധിപ്പിക്കുന്നു. തീരദേശറോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അടുത്ത കാലത്താണ് ഓട നിർമ്മിച്ചത്. ആധുനിക രീതിയിൽ നവീകരിച്ച റോഡിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാനായിരുന്നു ഓട നിർമ്മാണം. എന്നാൽ വീടുകളുടെ മുന്നിൽ മാത്രമാണ് ഇതിന് മേൽമൂടി നിർമ്മിച്ചത്.
ശേഷിക്കുന്നിടത്താണ് മൂടിയില്ലാത്തത് തിരിച്ചറിയാനാകാത്ത വിധം പുല്ല് വളർന്നത്. രാത്രി സമയങ്ങളിൽ റോഡിലൂടെ നടന്നുപോകുന്ന യാത്രക്കാരും ഇരുചക്ര വാഹനങ്ങളുമാണ് ഈ വാരിക്കുഴി തിരിച്ചറിയാനാകാതെ അപകടത്തിൽപ്പെടുന്നത്. നിരവധി അപകടങ്ങളാണ് ഇത്തരത്തിൽ ഉണ്ടായെതെന്ന് നാട്ടുകാർ പറയുന്നു. മറ്റ് വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെയായിരുന്നു ഇവയിലേറെയും. തുറയിൽക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, എസ്.എൻ.യു.പി സ്കൂൾ, കുരിശ്ശടി, മൂന്ന് രാജാക്കൻമാരുടെ ദേവാലയം ഇവയെല്ലാം റോഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് യാത്രചെയ്യുന്നവരാണ് ഭീഷണിയുടെ നടുവിലായത്.
പ്രയോജനപ്പെടുത്തണം തൊഴിലുറപ്പ് പദ്ധതി
ഓടയ്ക്ക് മീതേ വളർന്നുനിൽക്കുന്ന പുൽക്കാടുകൾ ചെത്തി മാറ്റിയാൽ ഒരു പരിധിവരെ അപകടങ്ങളിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ കഴിയും. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താം വേനൽ കടുത്തതോടെ കാട് ഉണങ്ങിത്തുടങ്ങി. ഇപ്പോൾ ഇവ ചെത്തിമാറ്റി ഓടകൾ വൃത്തിയാക്കിയാൽ മഴ സീസണിൽ നീരൊഴുക്ക് സുഗമമാക്കാനും കഴിയും. കരുനാഗപ്പള്ളി നഗരസഭ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.