c
ജില്ലാ ആശുപത്രി

രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് തലയൂരി ഡോക്ടർമാർ

കൊല്ലം: ജില്ലാ ആശുപത്രിയിൽ എട്ട് വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ടെലി യൂണിറ്റ് റൂം ഉപയോഗ ശൂന്യമായി. ടെലി യൂണിറ്റ് റൂമിനെ ജീവനക്കാരുടെ യോഗം ചേരാനും പരിശീലനം നൽകാനുമുള്ള കോൺഫറൻസ് ഹാളാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം മാറ്റി. ടെലി മെഡിസിൻ യൂണിറ്റ് പ്രയോജനപ്പെടുത്തി ചികിത്സിക്കാൻ തയ്യാറാകാതെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്ത് തലയൂരുകയാണ് ഡോക്ടർമാർ.

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ വിദഗ്ദ്ധ ഡോക്ടർമാരുമായി ചർച്ച ചെയ്ത് മികച്ച ചികിത്സ ലഭ്യമാക്കാനാണ് ടെലി യൂണിറ്റ് സ്ഥാപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ആർ.സി.സി തുടങ്ങിയ ആശുപത്രികളുമായാണ് യൂണിറ്റിന് ബന്ധമുണ്ടായിരുന്നത്. രോഗികളെ ടെലി മെഡിസിൻ റൂമിലെത്തിച്ച് വിദഗ്ദ്ധ ഡോക്ടർമാരുമായി രോഗവിവരങ്ങൾ പങ്കുവയ്ക്കാനും കഴിയുമായിരുന്നു. ഉയർന്ന നിലവാരമുള്ള കാമറ, മോണിറ്റർ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ലഭ്യമായിരുന്നു.

ഡോക്ടർമാർ താല്പര്യമെടുത്താലേ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയൂ. താൻ ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ യൂണിറ്റ് പ്രവർത്തന രഹിതമാണ്.

ഡോ. വസന്തദാസ് (ജില്ലാ ആശുപത്രി സൂപ്രണ്ട്)

ഡോക്ടർമാരുടെ നിസഹകരണം

ചികിത്സിക്കാൻ തയ്യാറാകാതെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത് പതിവാക്കിയ ഡോക്ടർമാർ പുതിയ സംവിധാനവുമായി സഹകരിക്കാത്തതാണ് ടെലിമെഡിസിൻ യൂണിറ്റ് പൂട്ടാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. ടെലി യൂണിറ്റ് പ്രവർത്തിക്കുന്ന ആശുപത്രികൾ തമ്മിൽ പരസ്പര ഏകോപനം ഇല്ലാതിരുന്നതും വിനയായി.

ഉപകരണങ്ങൾ എവിടെ?

ഇവിടെയുണ്ടായിരുന്ന കാമറ അടക്കമുള്ള ഉപകരണങ്ങൾ എവിടെയാണെന്ന് പോലും അശുപത്രി അധികൃതർക്കറിയില്ല. മെഡിക്കൽ കോളേജിലും ആർ.സി.സി യിലും ശ്രീചിത്രയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് തുടർ ചികിത്സയ്ക്കായി അവിടേക്കുള്ള യാത്ര ഒഴിവാക്കി ജില്ലാ ആശുപത്രിയിലെ ടെലി യൂണിറ്റിലെത്തി രോഗവിവരങ്ങൾ പങ്കുവയ്ക്കാനും കഴിയുമായിരുന്നു. ചില ജില്ലാ ആശുപത്രികളിൽ ടെലി യൂണിറ്റ് ഒരുപരിധി വരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.