കരുനാഗപ്പള്ളി :പള്ളിക്കലാറിനെ പൂർവകാല പ്രതാപത്തിലേക്ക് മടക്കികൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ക്ളീൻ പള്ളിക്കലാർ ചലഞ്ച് ശ്രദ്ധേയമായി. കന്നേറ്റി കായലിൽ യുവാക്കൾ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. പ്രദേശത്തെ കലാകാരന്മാർ വിവിധ കലാപരിപാടികൾ പരിപാടികൾ അവതരിപ്പിച്ചു. ജനപ്രതിനിധികൾ, സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിലെ പരിസ്ഥിതി ക്ലബ് പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. മാദ്ധ്യമ പ്രവർത്തകൻ പി.കെ. അനിൽ സാംസ്‌കാരിക സായാഹ്നം ഉദ്‌ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത് ബഷീർ മുഖ്യാതിഥിയായി. പള്ളിക്കലാർ സംരക്ഷണസമിതി പ്രസിഡന്റ് ജി. മഞ്ജുക്കുട്ടൻ കായൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കൺവീനർ സുധീർ പദ്ധതി വിശദീകരിച്ചു.
ഓച്ചിറ ബി.ഡി.ഒ അജയകുമാർ, പി. സുനിൽകുമാർ, സിദ്ദിഖ് മംഗലശ്ശേരി, ആർ. സനജൻ, മുഹമ്മദ് സലിംഖാൻ, പള്ളിക്കലാർ സംരക്ഷണസമിതി ഭാരവാഹികളായ ദിനേശ് ലാൽ, സിംലാൽ, സ്‌കൂൾ പി.ടി.എ ഭാരവാഹികളായ ലാൽജി പ്രസാദ്, സുനിൽ പൂമുറ്റം, പ്രദീപ്, കൗൺസിൽ പ്രതിനിധികളായ അസർ മുണ്ടപ്പള്ളി, സാജിദ്, സുമയ്യാ സലാം, അജ്മൽ,അലൻ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം സുരേഷ്, ശോഭനദാസ് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും കായലോരത്ത് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.