പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാകുന്നില്ല
കൊല്ലം: രാജ്യത്തെ സംരക്ഷണം അനിവാര്യമായ 27 തണ്ണീർത്തടങ്ങളിൽ ഒന്നായ ശാസ്‌താംകോട്ട തടാകത്തിന് സംസ്ഥാന ബഡ്ജറ്റിൽ ചില്ലിക്കാശുപോലുമില്ല. ധനമന്ത്രി തോമസ് ഐസക്ക് ഒരിയ്ക്കൽ തടാകത്തെ ഉപമിച്ചത് നൈനിറ്റാൾ തടാകത്തോടാണ്. മന്ത്രിയുടെ കാവ്യ ഉപമകൾക്കപ്പുറം ബഡ്ജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചില്ല. തണ്ണീർത്തട സംരക്ഷണം ലക്ഷ്യമാക്കി ലോകരാഷ്ട്രങ്ങൾ ഒപ്പു വെച്ച റാംസർ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ 2002 ഫെബ്രുവരിയിലാണ് ശാസ്‌താംകോട്ട തടാകം റാംസർ പട്ടികയിൽ ഇടം നേടുന്നത്.
രൂക്ഷമായ ചൂഷണത്തെ തുടർന്ന് 1997ലാണ് തടാകം വരണ്ടുതുടങ്ങിയത്. 2010ൽ കിലോമീറ്ററുകളോളം വരണ്ടുണങ്ങി. കുട്ടികൾ തടാക ഭാഗത്തെ ഫുട്ബോൾ കളിക്കളമാക്കി. എന്നിട്ടും കൊല്ലത്തേക്കുള്ള 3.25 കോടി ലിറ്ററുൾപ്പെടെ 4.35 കോടി ലിറ്ററിന്റെ പമ്പിംഗ് കുറയ്‌ക്കാൻ ജലവിഭവ വകുപ്പ് തയ്യാറായില്ല. പകരം, 1.10 കോടി ലിറ്റർ പമ്പ് ചെയ്യുന്ന പന്മന - ചവറ കുടിവെള്ള പദ്ധതി കൂടി തടാകത്തിൽ നിന്നാരംഭിച്ചു.
ജനകീയ സമരവും ഇല്ലാതായ പ്രഖ്യാപനങ്ങളും
സംരക്ഷണ പദ്ധതി ആവശ്യപ്പെട്ട് 2010ൽ തടാക സംരക്ഷണ സമിതി ബഹുജന സമരം ആരംഭിച്ചു. മാസങ്ങൾ നീണ്ട സത്യാഗ്രഹത്തിനൊടുവിൽ അന്ന് മന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ ഇടപെട്ട് ഉന്നതതല യോഗം നടത്തി പുതിയ തീരുമാനങ്ങളെടുത്തു. മുമ്പ് പ്രഖ്യാപിച്ച പദ്ധതികളൊക്കെ മാറ്റിവച്ച് 4.92 കോടിയുടെ മാനേജ്മെന്റ് ആക്ഷൻ പ്ളാൻ പ്രഖ്യാപിച്ചു. സർക്കാർ അംഗീകരിച്ചെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല
മുഖ്യമന്ത്രി തടാക തീരത്ത്
2013ൽ തടാകം വറ്റിവരണ്ടതോടെ വീണ്ടും സത്യാഗ്രഹം ആരംഭിച്ചു. നാലേമുക്കാൽ ചതുരശ്ര കിലോ മീറ്ററിൽ നിന്ന് മുന്നേമുക്കാൽ ചതുരശ്ര കിലോ മീറ്ററിലേക്ക് തടാകത്തിന്റെ വിസ്‌തൃതി ചുരുങ്ങി. ജൂൺ 14ന് മുഖ്യമന്ത്രിയും വകുപ്പ് മേധാവികളും തടാക തീരത്തെത്തി. 2010ലെ മാനേജ്മെന്റ് ആക്ഷൻ പ്ളാൻ 24.8 കോടിയുടേതാക്കി വിപുലപ്പെടുത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
കൊല്ലം നഗരത്തിന് കുടിവെള്ളത്തിനായി കല്ലടയാറ്റിലെ കടപുഴ ഭാഗത്ത് നിന്ന് ശാസ്‌താംകോട്ടയിൽ വെള്ളമെത്തിച്ച് ശുദ്ധീകരിക്കും എന്നതുൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്താതെ പോയി. 24.8 കോടിയുടെ മാനേജ്മെന്റ് ആക്ഷൻ പ്ലാനും ആലോചനയിൽ വന്നു പോയി.
അട്ടിമറിച്ച പദ്ധതി
നഷ്ടം 6.93 കോടി
കൊല്ലം നഗരത്തിന് ബദൽ കുടിവെള്ള പദ്ധതിയൊരുക്കാൻ കല്ലടയാറ്റിലെ കടപുഴഭാഗത്ത് തടയണ നിർമ്മിക്കാൻ 19 കോടിയും ഇവിടെ നിന്ന് വെള്ളം ശാസ്താംകോട്ടയിലെത്തിക്കാൻ പൈപ്പുകൾ സ്ഥാപിക്കാൻ 14.5 കോടിയും സർക്കാർ അനുവദിച്ചു. ശാസ്‌താംകോട്ട ഭാഗത്ത് കോടികൾ ചെലവിട്ട് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും നിലവിലെ സർക്കാരിന്റെ കാലത്ത് പദ്ധതി അവസാനിപ്പിച്ചു. കോടികൾ നഷ്ടമായതല്ലാതെ ബദൽ പദ്ധതി എങ്ങുമെത്തിയില്ല.
24.8 കോടി രൂപയുടെ മാനേജ്മെന്റ് ആക്ഷൻ പ്ളാനും ഇതിനിടെ എവിടെയോ ഒഴുകിപ്പോയി.
കടപുഴയിലെ ബദൽ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിലൂടെ നഷ്ടമായത് 6.93 കോടി രൂപ.
എത്ര മനോഹരം പാഴായ
ഈ പ്രഖ്യാപനങ്ങൾ
1998... 3.13 കോടി
2000... 8.69 കോടി
2004.... 17.5 കോടി (ജൂലൈ 14ന് നിയമസഭയിൽ പ്രഖ്യാപിച്ചത്)
2005... 25 കോടി (8.69 കോടിയുടെ പദ്ധതി വിപുലീകരിച്ചത്)
2005....1.6 കോടി (കുളിക്കടവുകളുടെ നിർമ്മാണത്തിന്)
2008.... 2 കോടി (ജൂലായിൽ നിയമസഭ പാസാക്കിയത്)
2010... 4.92 കോടി (സമരസമയത്ത് മന്ത്രി എൻ.കെ.പ്രേമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന്)
2013.... 24.85 കോടി (4.92 കോടിയുടെ പദ്ധതി വിപുലീകരിച്ചത്)
2015....15 കോടി (മേജർ ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതി)
കേന്ദ്രവും തടാകവും
2018ൽ പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 59.62 ലക്ഷം അനുവദിച്ചു.
ഇതിന്റെ കേന്ദ്ര വിഹിതമായ 35.77 ലക്ഷം രൂപ സംസ്ഥാനത്തിന് അനുവദിച്ചു. നടപ്പ് സാമ്പത്തികവർഷത്തിലും തുക പുതുക്കി നൽകി. പക്ഷേ ഉപയോഗിച്ചിട്ടില്ല.
2018ൽ അഷ്‌ടമുടി, വേമ്പനാട് കായൽ, ശാസ്‌താംകോട്ട തടാകം എന്നിവയ്‌ക്കായി 345 കോടി രൂപ കേന്ദ്രം
പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, എന്താകുമെന്ന് കണ്ടറിയണം.
.......................
"കവിതകളും ആവർത്തന വിരസതയുള്ള പ്രഖ്യാപനങ്ങളും അല്ല വേണ്ടത്. സ്ഥിരതയുള്ള അതോറിറ്റിക്ക് കീഴിൽ അഴിമതി രഹിത പദ്ധതി നടത്തിപ്പുണ്ടാകണം. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം".
കെ.കരുണാകരൻപിള്ള.
ചെയർമാൻ, തടാക സംരക്ഷണ സമിതി