ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടയുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. കുടിവെള്ളത്തിനായി പൈപ്പ് ലൈനെ ആശ്രയിക്കുന്ന കോതപുരം, കണത്താർ കുന്നം, കടപ്പാക്കുഴി, കടപുഴ മേഖലകളിലുള്ളവരാണ് ഒരാഴ്ചയിലധികമായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. തടാക തീരത്തെ ആദിക്കാട് പമ്പ് ഹൗസിന്റെ പ്രവർത്തനം നിറുത്തിയതാണ് നിലവിലെ ജലക്ഷാമത്തിന്റെ മുഖ്യകാരണം. ആദിക്കാട് പമ്പ് ഹൗസ് പ്രവർത്തനം നിറുത്തിയതോടെ ശാസ്താംകോട്ടയിൽ നിന്ന് നേരിട്ടാണ് ജലം പമ്പ് ചെയ്യുന്നത്. കാരാളിമുക്കിലെ ഓവർ ഹെഡ് നിറയാത്തതിനാലും ശക്തി കുറഞ്ഞ പമ്പ് ഉപയോഗിക്കുന്നതിനാലുമാണ് എല്ലാ മേഖലകളിലും ജലം എത്താത്തത്.
ആദിക്കാട് പമ്പ് ഹൗസ് പൂട്ടി
പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്റെയും മൈനാഗപ്പള്ളി പഞ്ചായത്തിന്റെയും വിവിധ മേഖലകളിലേക്ക് ജലം പമ്പ് ചെയ്തിരുന്ന ആദിക്കാട് പമ്പ് ഹൗസ് ബദൽ സംവിധാനം ഏർപ്പെടുത്താതെ പൂട്ടി. ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തിനാൽ പമ്പ് ചെയ്തിരുന്ന വെള്ളത്തിൽ ചെളി കലർന്നിരുന്നു എന്ന പരാതിയിലാണ് പമ്പ് ഹൗസ് പൂട്ടിയത്. പരാതി ഉയർന്ന സാഹചര്യത്തിൽ പമ്പ് ഹൗസ് നവീകരിക്കുകയാണ് അധികൃതർ ചെയ്യേണ്ടിയിരുന്നത്. പരാതിയെ തുടർന്ന് പമ്പ് ഹൗസ് പൂട്ടിയ നടപടിയിൽ ശക്തമായ പ്രതിഷേധമാണുള്ളത്
ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം
ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പടിഞ്ഞാറേ കല്ലട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. എം. മഹേഷ്, എസ്. നവാസ്, വിഷ്ണു ഉദയൻ, അഭിലാഷ് വർഗീസ്, ഷാനു എസ്. വലിയ പാടം, സജാദ് തുടങ്ങിയവർ പങ്കെടുത്തു.
അധികൃതർ പറയുന്നത്
ശക്തി കൂടിയ പുതിയ പമ്പ് വാങ്ങുന്നതിനാവശ്യമായ ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടുണ്ടെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. നിലവിൽ ജലം കിട്ടാത്ത മേഖലയിൽ പഞ്ചായത്ത് ആവശ്യപ്പെട്ടാൽ ടാങ്കറിൽ ജലം എത്തിച്ചു പ്രശ്നം പരിഹരിക്കാമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.