കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിൽ
ശനിയാഴ്ച നടന്ന ആർട്സ്, സയൻസ്, എ.ടി.എൽ ആന്റ് റോബോട്ടിക് എക്സിബിഷൻ ശ്രദ്ധേയമായി. 500ലേറെ കുട്ടികൾ പ്രോജക്ടുകൾ അവതരിപ്പിച്ചു. സ്കൂളിലെ എല്ലാ ഡിപ്പാർട്ടുമെന്റുകളും മത്സരബുദ്ധിയോടെ എക്സിബിഷനിൽ പങ്കെടുത്തു.
ഗുരുകുല വിദ്യാഭ്യാസവും കേരളത്തിന്റെ സംസ്കാര പൈതൃകവും മലയാളം വിഭാഗം വിജയകരമായി അവതരിപ്പിച്ചു. മ്യൂറൽ പെയിന്റിംഗിൽ വിസ്മയം സൃഷ്ടിച്ചുകൊണ്ട് ആർട്സ് ഡിപ്പാർട്ട്മെന്റ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഗവേഷണാത്മകമായ ഒട്ടേറെ പ്രോജക്ടുകൾ സയൻസ് ഡിപ്പാർട്ടുമെന്റുകൾ അവതരിപ്പിച്ചു. ഇന്ത്യാചരിത്രം, ഭൂമിശാസ്ത്രം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ സോഷ്യൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് പ്രോജക്ടുകൾ അവതരിപ്പിച്ചു.
എക്സിബിഷനിലെ ഏറ്റവും വലിയ ആകർഷണം റോബോട്ടിക്സ് സെക്ഷനായിരുന്നു. ഹോളോഗ്രാം പ്രൊജക് ഷൻ, റോബോട്ടിക് കാറുകൾ, മാർസ് റോവർ, ഓർണിത്തോപ്റ്റർ, ക്ലീനിംഗ് റോബോട്ട്, ഗൈഡഡ് റോക്കറ്റ് എന്നിവ ഉന്നതനിലവാരം പുലർത്തി. നൂറ്റിയമ്പതോളം വിദ്യാർത്ഥികൾ റോബോട്ടിക് എക്സിബിഷനിൽ പങ്കെടുത്തു. അടൽ ടിങ്കറിംഗ് ലാബിന്റെ പ്രോജക്ടുകളായ സ്മാർട്ട് സിറ്റി, സ്മാർട്ട് കാർസ്, ഗൂഗിൾ കാർ, സ്മാർട്ട് ഹോം എന്നീ പ്രോജക്ടുകൾ പ്രശംസ പിടിച്ചുപറ്റി.