silpam

കൊട്ടാരക്കര:കൊറോണ വൈറസ് ബോധവൽക്കരണത്തിനായി ദാരുശിൽപ്പമൊരുക്കി ശിൽപ്പി നെടുമൺകാവ് ഗോപാലകൃഷ്ണൻ. കോറോണ വൈറസും അത് സൃഷ്ടിച്ച മരണങ്ങളും ജനങ്ങളിലെത്തിക്കുന്നതിനാണ് പതിനാറു ദിനരാത്രങ്ങൾ പണിപ്പെട്ട് ആൻ എക്സ്പിരിമെൻറേഷൻ ഒഫ് കോറോണ എന്ന ശിൽപ്പത്തിന് രൂപം നൽകിയത്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി എയ്ഡ്സിനും മയക്കുമരുന്നിനും ചിക്കൻ ഗുനിയക്കുമെതിരെ ശിൽപ്പ പ്രദർശനത്തിലൂടെ നെടുമൺകാവ് ഗോപാലകൃഷ്ണൻ ബോധവൽക്കരണം നടത്തിയിരുന്നു.

ഇലക്ട്രോണിക് മൈക്രോസ്കോപ്പാണ് ശിൽപ്പത്തിന്റെ പ്രധാന ആകർഷണം. വൈറസ് പകർത്തി എന്നു കരുതപ്പെടുന്ന സർപ്പവും കടവാവലും കൂടാതെ വൈറസ് ബാധിതന്റെ ഡി.എൻ.എക്ക് സമാനമായ ഡി.എൻ.എ ഉണ്ട് എന്ന് ചൈന കഴിഞ്ഞദിവസം കണ്ടെത്തിയ ഈനാംപേച്ചിയും ശിൽപ്പത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള രോഗ പകർച്ചയും ഇതിൽ ശിൽപ്പി ആവിഷ്ക്കരിച്ചിട്ടുണ്ട്.