കൊട്ടാരക്കര: കൊട്ടാരക്കര കച്ചേരിമുക്കിലെ എക്സൈസിന്റെ വകയായിരുന്ന ഭൂമി പാർക്കിംഗിനൊരുക്കിയെങ്കിലും തഹസീൽദാർ എത്തി തടയിട്ടു. റവന്യൂ വകുപ്പിന്റെ ഭൂമിയാണിതെന്നും ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ ഇവിടം പാർക്കിംഗിന് അനുവദിക്കാനാകില്ലെന്നുമാണ് തഹസീൽദാരുടെ നിലപാട്. ഏറെ നാളായി അവകാശത്തർക്കം നിലനിൽക്കുന്ന ഭൂമി പാർക്കിംഗിനും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊട്ടാരക്കര പട്ടണത്തിൽ വാഹന പാർക്കിംഗിന് അനുയോജ്യമായ സ്ഥലമാണിതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലായ് 31ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാടുകയറി നശിക്കുന്ന ഭൂമി പാർക്കിംഗിനായി ഒരുക്കുന്നത് നല്ലതാണെന്ന പൊതുവികാരവുമുണ്ടായി. ഗണപതി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വാഹനങ്ങൾക്കും സിവിൽ സ്റ്റേഷനിലെത്തുന്നവരുടെ വാഹനങ്ങൾക്കും പാർക്കിംഗിന് അപര്യാപ്തതകൾ നിലവിലുണ്ട്. ഇതിന് പരിഹാരമായാണ് ഇവിടം പാർക്കിംഗിന് അനുവദിച്ചത്.
എന്നാൽ രണ്ട് ദിവസം വാഹനം പാർക്ക് ചെയ്തപ്പോഴേക്കും തഹസിൽദാറെത്തി ഗേറ്റ് അടപ്പിക്കുകയായിരുന്നു.
വിവാദങ്ങളുടെ 10 വർഷം
പതിറ്റാണ്ടുകൾക്ക് മുമ്പ് എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമിയാണിവിടം. 2009-10 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കാൻ 2.09 കോടി രൂപ അനുവദിക്കുകയും ഇതിനായി പഴയ കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും കേരള ക്ഷേത്രസംരക്ഷണ സമിതിയും മറ്റ് ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണെന്ന് കാട്ടി ഹൈക്കോടതിയിൽ ഇവർ കേസും ഫയൽ ചെയ്തു. സർക്കാരിന് അനുകൂലമായി വിധി വന്നെങ്കിലും എക്സൈസ് കോംപ്ളക്സ് നിർമ്മാണം നടന്നിട്ടില്ല.
.............................
എക്സൈസിന്റെ കെട്ടിടം പ്രവർത്തിച്ചിരുന്ന ഭൂമിയാണെങ്കിലും ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. ഇവിടെ പാർക്കിംഗിന് ഉൾപ്പടെ അനുവദിക്കുന്നതിന് ബുദ്ധിമുട്ടുകളില്ല. എന്നാൽ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്. ഇതിനുള്ള റിപ്പോർട്ട് നൽകും.
തഹസിൽദാർ
50 സെന്റ് ഭൂമി
കൊല്ലം-തിരുമംഗലം ദേശീയപാതയുടെ അരികിലായി അര ഏക്കറിലധികം ഭൂമിയാണ് കാടുമൂടി നശിച്ചിരുന്നത്. ഇപ്പോൾ കാടുവെട്ടി തറ നിരപ്പാക്കിയിട്ടുണ്ട്. വാഹന പാർക്കിംഗിന് അനുമതി നൽകിയാൽ ഗണപതി ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് വലിയ അനുഗ്രഹമാകും. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഓട തെളിക്കലും മറ്റ് നവീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. ഞായറാഴ്ചകളിലും മലയാള മാസം ഒന്നാം തീയതിയും മറ്റ് വിശേഷ ദിവസങ്ങളിലും തീർത്തും പാർക്കിംഗിന് ബുദ്ധിമുട്ടുണ്ട്. ഈ ഭൂമി വിട്ടുനൽകിയാൽ അതൊരു അനുഗ്രഹമായി മാറും.