zz
ഇളമ്പൽ ഗവ. യു.പി സ്കൂളിലെ ക്ലാസ്‌മുറി സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിൽ

പത്തനാപുരം: കുന്നിക്കോട് ഇളമ്പൽ ഗവ. യു.പി സ്‌കൂളിൽ സാമൂഹ്യവിരുദ്ധർ ക്ലാസ് മുറികളും പഠനോപകരണങ്ങളും അടിച്ചുതകർത്തു. ഞായറാഴ്ച്ച വൈകിട്ട് സ്‌കൂളിലെ ജൈവവൈവിദ്ധ്യ പാർക്കിൽ ചെടികൾക്ക് വെള്ളമൊഴിക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം കണ്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവമെന്നാണ് സംശയിക്കുന്നു. അക്രമികൾ കിണറിൽ മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്. ടോയ്‌ലറ്റുകളിലും കൈകഴുകുന്നതിനുമായി സ്ഥാപിച്ചിരുന്ന ടാപ്പുകൾ പൂർണമായും നശിപ്പിച്ചു. സമാർട്ട് ക്ലാസിലെ എ.സിയുടെ വയർ മുറിച്ചുമാറ്റി. ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന പഠനസാമഗ്രികളും നശിപ്പിച്ച അക്രമികൾ സ്‌കൂൾ പെയിന്റിംഗിനായി സൂക്ഷിച്ചിരുന്ന പശ ഡെസ്‌കിലും ബെഞ്ചിലും തറയിലും ഒഴിച്ചു ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളിൽ അക്രമം കാട്ടിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് പി.ടി.എ പ്രസിഡന്റ് ഗിരിഷ് തമ്പിയും പ്രഥമാദ്ധ്യാപകൻ രാജുമോനും ആവശ്യപ്പെട്ടു. കുന്നിക്കോട് പൊലിസ് അന്വേഷണം ആരംഭിച്ചു.