കൊട്ടിയം: ഇന്ത്യയെന്ന ആശയത്തെ മനസിലാക്കാൻ പോലും കഴിയാത്തയാളുകൾക്ക് അത് സംരക്ഷിക്കാനാകില്ലെന്ന് വി.ടി. ബലറാം എം.എൽ.എ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ തൃക്കോവിൽവട്ടം ബ്ലോക്ക് പര്യടനത്തിന്റെ സമാപന സമ്മേളനം കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വൈവിധ്യങ്ങളെ അംഗീകരിക്കേണ്ടതിന്റെ അനിവാര്യത ഉൾക്കൊള്ളാൻ ബി.ജെ.പിക്കാകുന്നില്ല. ഈ വൈവിധ്യങ്ങൾ ആഘോഷിക്കുമ്പോഴാണ് ഒരു രാജ്യം എന്ന നിലയിൽ നമ്മൾ കരുത്ത് നേടുന്നതെന്ന് അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരെയുള്ള സമരങ്ങെളെല്ലാം നടത്തിയത് തീവ്രവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐയുടെ നേതൃത്വത്തിലാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് എതിർവിഭാഗത്തിന് നൽകിയ ആയുധമാണെന്നും എം.എൽ.എ പറഞ്ഞു.
സമ്മേളനത്തിൽ തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ അദ്ധ്യക്ഷത വഹിച്ചു. ബിന്ദുകൃഷ്ണ, എ. ഷാനവാസ്ഖാൻ, എം.എം. നസീർ, അഞ്ചൽ സോമൻ, സൈമൺ അലക്സ്, മേരീദാസൻ, പി. ശുചീന്ദ്രൻ, നിസാമുദ്ദീൻ, ഇ. ആസാദ് എന്നിവർ സംസാരിച്ചു.