കൊല്ലം: മുക്കുപണ്ടം പണയംവച്ച് കെ.എസ്.എഫ്.ഇയിൽ നിന്ന് അരക്കോടി തട്ടിയ കേസിൽ കൂടുതൽപേർ കുടുങ്ങുമെന്ന് അന്വേഷണസംഘം. കെ.എസ്.എഫ്.ഇ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ അപ്രൈസറായ തേവലക്കര പാലയ്‌ക്കൽ കാഞ്ഞിയിൽ വീട്ടിൽ ബിജുകുമാറിനെ (42) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത്. കരുനാഗപ്പള്ളി ബ്രാഞ്ചിൽ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലുമുള്ള പണയ ഉരുപ്പടികൾ പരിശോധിക്കാൻ ധനകാര്യ വകുപ്പ് നിർദ്ദേശം നൽകി. അപ്രൈസർമാർ പരിശോധിച്ച സ്വർണം ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനുള്ള സംവിധാനത്തെപ്പറ്റിയും ആലോചിക്കുന്നുണ്ട്. എല്ലാ മാസവും പണയ ഉരുപ്പടികളുടെ പരിശോധനയ്ക്ക് സംവിധാനമൊരുക്കും.
കരുനാഗപ്പള്ളി സി.ഐ എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് ബിജുകുമാറിന്റെ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. ജൂവലറിയിൽ സ്വർണം പരിശോധന നടത്തിയ ഉടൻ ഇവിടെ നിന്ന് മുങ്ങിയ ബിജുകുമാറിനെ തന്ത്രപരമായിട്ടാണ് ഗുരുവായൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജുകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ അടക്കം പരിശോധിച്ചു. വലിയ സമ്പാദ്യങ്ങളില്ലെന്നാണ് സൂചന. വഴിവിട്ട ജീവിതത്തിന് പണം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. മുക്കുപണ്ടം പണയം വയ്ക്കുന്നതിന് മറ്റുള്ളവരുടെ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽപേരിലേക്ക് അന്വേഷണം നീളും.
വ്യത്യസ്തനാം ബിജുകുമാർ
പന്ത്രണ്ട് വർഷം മുൻപ് കെ.എസ്.എഫ്.ഇ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ ബ്രാഞ്ച് തുടങ്ങിയപ്പോൾ കരാർ അടിസ്ഥാനത്തിൽ അപ്രൈസർ തസ്തികയിൽ എത്തിയതാണ് ബിജുകുമാർ. എപ്പോഴും ചിരിക്കുന്ന മുഖത്തോടെയാണ് ബിജുകുമാറിന്റെ വരവ്. അലക്കിത്തേച്ച മുണ്ടും ഷർട്ടും ധരിച്ച് സ്കൂട്ടറിലാണ് യാത്ര.
മുപ്പതിനായിരം രൂപ മാസവരുമാനം ലഭിച്ചിരുന്നു. വിവാഹം കഴിച്ചിട്ടില്ല. അമ്മയോടൊപ്പമാണ് താമസം.
പണയം വയ്ക്കാനെത്തുന്നവർ ബിജുകുമാറിനെയാണ് ആദ്യം സമീപിക്കുക. സ്വർണം വാങ്ങി തൂക്കവും മാറ്റും നോക്കുന്നത് ബിജുകുമാറാണ്. അപ്രൈസർ പരിശോധന നടത്തി ഓ.കെ പറഞ്ഞാൽ പിന്നീട് പരിശോധനയില്ല. പേപ്പർ ജോലികൾ തീർത്ത് പണം വാങ്ങി മടങ്ങാം. ഈ സൗകര്യമാണ് ബിജുകുമാർ തട്ടിപ്പിന് പ്രയോജനപ്പെടുത്തിയത്.
കരുനാഗപ്പള്ളി വെളുത്തമണൽ ഭാഗത്ത് ധനകാര്യ സ്ഥാപനം നടത്തുന്ന ദമ്പതികൾ മിക്കപ്പോഴും പണയംവയ്ക്കാൻ കെ.എസ്.എഫ്.ഇയിൽ എത്താറുണ്ട്. ഇവരുമായി അടുത്ത ബന്ധത്തിലെത്തിയ ബിജുകുമാർ ഇവരുടെ പേരിലാണ് കൂടുതൽ മുക്കുപണ്ടവും പണയം വച്ചിട്ടുള്ളത്. മറ്റൊരാളുടെ പേരിൽ കുറച്ച് മുക്കുപണ്ടവും വച്ചിട്ടുണ്ട്. സ്വന്തംപേരിൽ പണയം വയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് മറ്റുള്ളവരെ കൂട്ടുപിടിച്ചതെന്നാണ് പൊലീസ് പറയുന്നത്. പണയം വയ്ക്കാൻ കൂട്ടുനിന്ന ദമ്പതികളെയും മറ്റൊരാളെയും ഉടൻ കേസിൽ പ്രതിചേർത്തേക്കും. ബ്രാഞ്ച് മാനേജർ നൽകിയ പരാതിയിലും മൊഴിയിലും ഇവരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്.
പിടിക്കപ്പെട്ടത് യാദൃച്ഛികമായി
ജനുവരി 20ന് ബ്രാഞ്ചിൽ ആഡിറ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരുന്നു. പണയ ഉരുപ്പടികൾ ഇവർ പരിശോധിക്കാറുണ്ട്. എന്നാൽ, സ്വർണമാണോ അല്ലയോ എന്ന കാര്യത്തിൽ സൂക്ഷ്മ പരിശോധനയ്ക്ക് സംവിധാനങ്ങൾ ഇല്ല. ഒരു പണയ ഉരുപ്പടിയുമായി ബന്ധപ്പെട്ട് രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത് എടുക്കാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം പണയം വച്ചയാൾ എത്തി പണമടച്ച് ഉരുപ്പടി തിരികെ വാങ്ങി. ബിജുകുമാർ ഫോൺ വിളിച്ച പ്രകാരമാണ് പണയം വച്ചയാൾ പെട്ടെന്ന് വന്ന് ഉരുപ്പടി തിരികെ എടുത്തത്. ഇത് ബ്രാഞ്ചിലെ ഒരു സ്റ്റാഫിന് സംശയത്തിനിടയാക്കി.
ചില ഉരുപ്പടികളിൽ പ്രത്യേക അടയാളം ഇടുന്നത് ഇവർ ശ്രദ്ധിച്ചിരുന്നു. മാനേജരോട് സംശയം അറിയിച്ചെങ്കിലും ആർക്കും ബിജുകുമാറിനെ സംശയം തോന്നിയില്ല. എന്നാലും അടയാളപ്പെടുത്തിയ രണ്ട് പണയ ഉരുപ്പടികളായ ആറ് പവന്റെ ആഭരണങ്ങൾ പ്രദേശത്തെ ജൂവലറിയിൽ പരിശോധിക്കാൻ അസി.മാനേജരെ ചുമതലപ്പെടുത്തി. ഈ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് ബോദ്ധ്യപ്പെട്ടത്. ഇവർ ജൂവലറിയിലേക്ക് പോയ ഉടൻ ചായ കുടിക്കാനെന്ന നിലയിൽ പുറത്തേക്കിറങ്ങിയ ബിജുകുമാറിനെ പിന്നീട് ആരും കണ്ടില്ല. ഫോൺ സ്വിച്ച് ഒഫ് ആക്കി ബിജുകുമാർ മുങ്ങി. രാത്രി മുഴുവൻ ബിജുകുമാറിനായി തെരച്ചിൽ നടത്തിയ ശേഷം റീജിയണൽ ഓഫീസിൽ വിവരം അറിയിക്കുകയും കരുനാഗപ്പള്ളി പൊലീസിൽ കേസ് കൊടുക്കുകയുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ മുക്കുപണ്ടം പണയംവച്ച് 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ബോദ്ധ്യപ്പെട്ടു.
ബ്രാഞ്ചിൽ എത്തുന്ന ചില സ്ത്രീകളുമായി പെട്ടെന്ന് അടുപ്പം കൂടുന്ന ബിജുകുമാർ ഇവരുടെ ഫോൺ നമ്പരുകൾ വാങ്ങാറുണ്ട്. വിളിയും പറച്ചിലും സന്തോഷങ്ങൾ പങ്കിടലുമൊക്കെ പതിവാണ്. ഇത്തരം ചില സൗഹൃദങ്ങൾക്ക് വേണ്ടിയാണ് കൂടുതൽ പണവും ഉപയോഗിച്ചിരുന്നതെന്നാണ് സഹപ്രവർത്തകർ പൊലീസിന് നൽകിയ മൊഴി.