c
വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാൻ കൊല്ലം പോർട്ടിൽ സംഭരിച്ചിരിക്കുന്ന പാറ

കൊല്ലം: കപ്പലുകൾ അടുക്കാതെ നിർജ്ജീവമായ കൊല്ലം പോർട്ടിന്റെ പണപ്പെട്ടി നിറയ്ക്കാൻ തുണയായി വിഴിഞ്ഞം പോർട്ടിലേക്കുള്ള പാറക്കല്ലുകൾ.

വിഴിഞ്ഞം കടലിൽ പുലിമുട്ടുകൾ സ്ഥാപിക്കാനുള്ള പാറ കൊല്ലം പോർട്ട് വഴി കൊണ്ടുപോയിത്തുടങ്ങി. പാറയുമായി ഒരു ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെടുമ്പോൾ, ബർത്ത്, വാർഫേജ് നിരക്കുകൾ അടക്കം ശരാശരി രണ്ട് ലക്ഷം രൂപയാണ് കൊല്ലം പോർട്ടിന് ലഭിക്കുന്നത്. 3100 മീറ്റർ നീളത്തിലാണ് വിഴിഞ്ഞത്ത് പുലിമുട്ട് സ്ഥാപിക്കുന്നത്. ഇതിൽ 600 മീറ്റർ മാത്രമാണ് പൂർത്തിയായത്. ശേഷിക്കുന്ന നിർമ്മാണത്തിന് 20 ലക്ഷം ടൺ പാറയാണ് കൊല്ലം പോർട്ട് വഴി കൊണ്ടുപോകുന്നത്. ഈ ഇനത്തിൽ 26 കോടി രൂപ കൊല്ലം പോർട്ട് വരുമാനം പ്രതീക്ഷിക്കുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികൾക്ക് പുറമെ ആറ്റിങ്ങലിന്റെ പ്രാന്തപ്രദേശത്തു നിന്നുള്ള പാറയും കൊല്ലം പോർട്ട് വഴിയാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 5000 ടൺ പാറ ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്. വലിയ അളവിൽ പാറ പോർട്ടിൽ സംഭരിച്ചു വരികയാണ്.

'' കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഇപ്പോൾ പാറ പോർട്ടിൽ സംഭരിക്കുന്നത്. അനുകൂലമാകുന്നതോടെ ലോറികളിൽ കൊണ്ടുവരുന്ന പാറ നേരിട്ട് ബാർജുകളിൽ ഇറക്കി വിഴിഞ്ഞത്തേക്ക് കൊണ്ടുപോകും.''

എബ്രഹാം കുര്യാക്കോസ് (പോർട്ട് ഓഫീസർ)

 കഴിഞ്ഞ വർഷം 1.6 കോടി

2018-19 സാമ്പത്തിക വർഷം 1.6 കോടി രൂപ മാത്രമാണ് കൊല്ലം പോർട്ടിന്റെ വരുമാനം. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിയോ കയറ്റുമതിയോ നടന്നില്ല. 3792 യന്ത്ര സാമഗ്രികൾ രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുകയും 1197 ടൺ കൊണ്ടുവരികയും ചെയ്തു.

# പാറ നീക്കവും പണംവരവും

വിഴിഞ്ഞത്തെ പുലിമുട്ട് : 3100 മീറ്റർ

പൂർത്തിയാത്: 600 മീറ്റർ

ശേഷിക്കുന്നത്: 2500 മീറ്റർ

ഇനി ആവശ്യമായ പാറ: 20 ലക്ഷം ടൺ

ഒരു ബാർജിൽ കൊണ്ടുപോകുന്നത് : 1500 ടൺ

ഒരു ബാർജിന് പോർട്ടിന് കിട്ടുന്നത് : 2 ലക്ഷം രൂപ

20 ലക്ഷം ടൺ കൊണ്ടുപോകുമ്പോൾ കിട്ടുന്നത്: 26 കോടി രൂപ

എന്തുകൊണ്ട് കൊല്ലം

പോർട്ടും ബാർജും‌?

#കടലിൽ പാറ അടുക്കാൻ ബാർജിൽ കൊണ്ടുപോയി കടലിൽ തള്ളുകയാണ് ചെയ്യുന്നത്.

# ക്വാറികളിൽ നിന്ന് ലോറികളിൽ വിഴിഞ്ഞത്ത് ഇറക്കി അവിടെ നിന്ന് കടലിലേക്ക് കൊണ്ടുപോകുന്നതിന് ചെലവേറും

# ബാർജിൽ കയറ്റുന്ന പാറ നേരെ കടലിൽ നിശ്ചിത സ്ഥാനത്ത് കൊണ്ടിറക്കാൻ കഴിയും.ലോറികളിൽ നിന്ന് ബാർജിലേക്ക് നേരിട്ട് പാറ ഇറക്കാനാവും.

# ഒരു ലോറിയിൽ പത്തിനും ഇരുപതിനും ഇടയ്ക്ക് ടൺ പാറ കയറ്റാനേ കഴിയൂ. ഒരു ബാർജിൽ 1500 ടൺ കയറ്റി കൊണ്ടുപോയി നേരെ കടലിൽ തള്ളാനാവും. അതിനാലാണ് പല ജില്ലകളിലെ ക്വാറികളിൽ നിന്നുള്ള പാറ കൊല്ലം പോർട്ടിലേക്ക് കൊണ്ടുവരുന്നത്.