കരുനാഗപ്പള്ളി: ഏതു നിമിഷവും ഇടിഞ്ഞ് വീഴാറായ കൂരയ്ക്കുള്ളിൽ തകർന്ന മനസുമായി കഴിയുകയാണ് വാർദ്ധക്യം ബാധിച്ച ഒരമ്മയും മകളും. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ 21-ാം വാർഡിൽ ആദിനാട് തെക്ക് തട്ടാശ്ശേരിൽ തറയിൽ ദേവയാനി അമ്മ (70), മകൾ ബേബി (43) എന്നിവരാണ് വർഷങ്ങളായി ദുരിതജീവിതം നയിക്കുന്നത്. കുടിവെള്ളമില്ല, നടന്നു പോകാൻ വഴിയില്ല, മേൽക്കൂര തകർന്ന വീട് തുടങ്ങിയവയാണ് ദേവയാനി അമ്മയുടെ ജീവിതത്തിന്റെ ബാക്കിപത്രം. ജന്മനാ ഭിന്നശേഷിക്കാരിയാണ് ദേവയാനി അമ്മയുടെ മകൾ ബേബി. തന്റെ കാലത്തിന് ശേഷം മകൾ ബേബിയെ ആരു നോക്കുമെന്ന വേദനയാണ് ദേവയാനിയെ അലട്ടുന്നത്. പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ ഉള്ളതെല്ലാം വിറ്റു പെറുക്കി. ശേഷിക്കുന്നത് മേൽക്കൂര തകർന്ന് പൊളിഞ്ഞ് വീഴാറായ വീടും 3 സെന്റ് ഭൂമിയുമാണ്. 12 വർഷത്തിന് മുമ്പ് ദേവയാനിയുടെ ഭർത്താവ് കുറപ്പമ്മാവൻ മരിച്ചതോടെയാണ് ഇവർ പൂർണമായും ഒറ്റപ്പെട്ടത്. ദേവയാനിക്ക് കിട്ടുന്ന കയർ തൊഴിലാളി പെൻഷനും, ബേബിക്ക് ലഭിക്കുന്ന പെൻഷനുമാണ് ഇവരുടെ ഏക വരുമാനം.
വിശാലമായിക്കിടക്കുന്ന പാടശേഖരത്തിന്റെ അരികിലാണ് കഴിഞ്ഞ 25 വർഷമായി ഇവരുടെ താമസം. വീട്ടിൽ നിന്ന് റോഡിലെത്തണമെങ്കിൽ പല പുരയിടങ്ങളും കയറിയിറങ്ങണം. അയൽ വീടുകളിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. താമസം വയലിന് സമീപമായതിനാൽ കിണറിലെ വെള്ളത്തിന് ഉപ്പ് രസമാണ്. മഴക്കാലത്ത് നെൽ വയൽ വെള്ളക്കെട്ടായി മാറുന്നതോടെ ജീവിതം കൂടുതൽ ദുരിത പൂർണമാകും. പാടത്ത് ജലനിരപ്പുയരുന്നതോടെ വീടിനുള്ളിൽ വെള്ളം കയറുന്ന അവസ്ഥയാണ്.
ദേവയാനി അമ്മയുടെ ജീവിതം ദുരിതപൂർണമാണ്. ഗ്രാമ പഞ്ചായത്ത് മുൻ കൈയെടുത്ത് ദേവയാനിക്ക് വീട് നിർമ്മിച്ച് നൽകണം. ഇതിന്റെ സഹായത്തിനായി സന്നദ്ധ സംഘടനകളുടെ സേവനം കൂടി ഗ്രാമ പഞ്ചായത്ത് ലഭ്യമാക്കണം. ദേവയാനിയുടെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കാനായി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കണം.
ബിനുദാസ് മഠത്തിൽ, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ആദിനാട് തെക്ക് 185-ം നമ്പർ ശാഖ
കരാറുകാർ ഒഴിഞ്ഞുമാറുന്നു...
ദേവയാനിയുടെ ദുരിതജീവിതത്തിന് ആശ്വാസമേകാൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ വീട് നിർമ്മിച്ച് നൽകാൻ കരാറുകാരാരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. വീട് നിർമ്മിക്കാനുള്ള സാമഗ്രികൾ റോഡിൽ നിന്ന് തലച്ചുമടായി വേണം ദേവയാനിയുടെ പുരയിടത്തിലെത്തിക്കാൻ. ഇതിന് അമിതമായ കൂലി നൽകേണ്ടി വരും. ഇതു കാരണമാണ് കരാറുകാർ ഒഴിഞ്ഞ് മാറുന്നത്. ആരെങ്കിലും സഹായ ഹസ്തങ്ങളുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ദേവയാനിയും മകളും.