lodge

കൊല്ലം: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്ജിന് ഒരു വയസ് തികയുമ്പോഴും സ്വന്തമായൊരു കെട്ടിടമെന്ന ആവശ്യം ഇനിയും ബാക്കി. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമെന്ന നിലയിലാണ് കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരി 26ന് ഷീ ലോ‌‌ഡ്ജ് പ്രവർത്തനം തുടങ്ങിയത്. പോളയത്തോട്ടിൽ ഒരു ഹോട്ടലിന് പിന്നിലായി ചെയ്യുന്ന ഇരുനില വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും ദേശീയപാതയിൽ നിന്ന് ഉള്ളിലേക്കായതിനാൽ ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

 നിലവിലെ സൗകര്യങ്ങൾ

 വാടക ദിനംപ്രതി 300 രൂപ

മുകളിൽ മൂന്നും താഴെ ഒന്നുമായി ആകെ നാല് മുറികളും 13 കിടക്കകളുമാണുള്ളത്. 300 രൂപയാണ് ഒരു ദിവസത്തെ വാടക. സ്ഥിരമായി മൂന്ന് ദിവസമാണ് താമസിക്കാൻ സൗകര്യം. കൂടുതൽ സമയം വേണമെങ്കിൽ അതിനും സൗകര്യമൊരുക്കും. പി.എസ്.സി പരീക്ഷ, ഇന്റർവ്യൂ എന്നിവയ്‌ക്കായി നഗരത്തിൽ എത്തുന്നവരാണ് ഷീ ലോഡ്ജിനെ ആശ്രയിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഭക്ഷണം ഒഴികെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. നിലവിൽ കുടുംബശ്രീ അംഗങ്ങളായ രണ്ട് പേരാണ് രണ്ട് ഷിഫ്റ്റിലായി മേൽനോട്ടം വഹിക്കുന്നത്.

 പുതിയ കെട്ടിടം

ചിന്നക്കട ഷാ ഇന്റർനാഷണൽ ഹോട്ടലിന് എതിർവത്തായി 20 സെന്റ് സ്ഥലം ഷീ ലോഡ്ജിന് സ്വന്തം കെട്ടിടം നിർമ്മിക്കാനായി ഉണ്ടെങ്കിലും കെട്ടിടം നിർമ്മിക്കാൻ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും ഏറെ അടുത്തായി ലോഡ്ജ് വന്നാൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യമാകും. നിലവിലെ വാടക കെട്ടിടത്തിന്റെ കരാർ അടുത്ത വർഷം അവസാനിക്കും. പലർക്കും ലോഡ്ജിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ ആവശ്യക്കാർ കുറവാണ്. ഓൺലൈൻ വഴി വിവരം ലഭിക്കുന്നവരും പറഞ്ഞുകേട്ട് വല്ലപ്പോഴും ആരെങ്കിലും അന്വേഷിച്ചും എത്തിയാലായി. സ്ത്രീകളായ താമസക്കാർക്ക് ഭക്ഷണം ലഭ്യമല്ലാത്തതും

താമസക്കാരെ പിന്നോട്ടടിക്കുന്നുണ്ട്.

 ''ഷീ ലോഡ്ജിനായി സ്വന്തം കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്"

ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി.