shoppi
നവീകരണം പാതിവഴിയിൽ നിലച്ച പുനലൂർ നഗരസഭയുടെ ഏഴ് നിലയുളള ഷോപ്പിംഗ് കോംപ്ലക്സ്

പുനലൂർ: ഫണ്ടിന്റെ അഭാവം കാരണം പുനലൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെ നവീകരണം അനിശ്ചിതത്വത്തിൽ. നിർമ്മാണത്തിലെ അശാസ്ത്രീയതയെ തുടർന്ന് 18 മാസം മുമ്പാണ് എഴുനില ഷോപ്പിംഗ് കോംപ്ളക്സിന്റെ നവീകരണം ആരംഭിച്ചത്. 2.96 കോടി രൂപയ്ക്കാണ് ടെണ്ടർ നൽകിയത്. എന്നാൽ പകുതിയിൽ അധികം ജോലികൾ പൂർത്തിയാക്കിയ കരാറുകാരന് കുടിശികയായി 1.50 കോടി രൂപയോളം നൽകാനുണ്ട്. ഇതോടെ കരാറുകാരൻ ജോലി ഉപേക്ഷിച്ചമട്ടാണ്.

നഗരസഭയുടെ നിയന്ത്രണത്തിൽ കാൽ നൂറ്റാണ്ട് മുമ്പാണ് കോടികൾ ചെലവഴിച്ച് കെട്ടിടസമുച്ചയം നിർമ്മിച്ചത്. എൺപതോളം മുറികളും 15 കട മുറികളും ഇവിടെ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറിയതും ചോർച്ചയുമാണ് തിരിച്ചടിയായത്. ഇതോടെ മുറികൾ വാടകയ്ക്ക് എടുത്തവർ കെട്ടിടം ഉപേക്ഷിച്ചു. ദൂരദർശൻ നിലയം, ബാങ്കുകൾ, സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളും സമുദായ സംഘടനകളുടെ ഓഫീസുകളും നിരവധി പാർട്ടി ഓഫീസുകളും ഇവിടെ ഉണ്ടായിരുന്നു. ഹോട്ടലുകൾ ഉൾപ്പെടെ പതിനഞ്ചോളം വ്യാപാരസ്ഥാപനങ്ങൾ വേറെയും.

സ്ഥാപനങ്ങൾ ഉപേക്ഷിച്ച് വാടകക്കാർ സ്ഥലംവിട്ടതോടെ ഈയിനത്തിൽ പ്രതിമാസം നഗരസഭയ്ക്ക് ലഭിച്ചിരുന്നു ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും നിലച്ചു. ദീർഘവീക്ഷണമില്ലാതെയുള്ള നിർമ്മാണമാണ് കെട്ടിടത്തെ നാശത്തിലേക്ക് നയിച്ചത്. വാടകക്കാർ ഒഴിഞ്ഞുപോയതോടെ വൈദ്യുതി, കുടിവെള്ളം അടക്കമുള്ളയെല്ലാം അധികൃതർ വിച്ഛേദിച്ചു. തുടർന്ന് മാസങ്ങളോളം അനാഥമായി കിടന്ന കെട്ടിടമാണ് നവീകരിക്കാൻ നഗരസഭ തീരുമാനിച്ചത്.

ഇനിയും വേണം കോടികൾ

ഏഴുനിലകളിലുമുള്ള മുറികളുടെ ഭിത്തികൾ പൂർണമായും പൊളിച്ച് നീക്കിയതിനൊപ്പം പഴയ വാതിലുകളും ജനലുകളും നീക്കം ചെയ്തിട്ടുണ്ട്.

എല്ലാ നിലകളും ഹാളാക്കി മാറ്റിയിട്ടിരിക്കുന്ന കെട്ടിടത്തിന്റെ നവീകരണം പൂർത്തിയാക്കാൻ ഇനിയും കോടികൾ വേണ്ടി വരുമെന്നാണ് കരാറുകാരൻ പറയുന്നത്. കെട്ടിടത്തിനുളളിലെ ലിഫ്ട്, ഇലട്രിക്ക്, പ്ലമ്പിംഗ്, ഗ്രൗണ്ട് ഫ്ലോർ അടക്കമുള്ളവയുടെ ജോലികളാണ് ഇപ്പോഴും അവശേഷിക്കുന്നത്.

നാല് കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ചാണ് നിർമ്മാണ ജോലികൾ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ അഞ്ച് കോടിയോളം രൂപ ചെലവാകുമെന്ന കണക്കുകൂട്ടലിലാണ്. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 2.25 കോടി രൂപ അനുവദിച്ച് നിർമ്മാണ ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്

കെ. രാജശേഖരൻ, ചെയർമാൻ പുനലൂർ നഗരസഭ

ഷോപ്പിംഗ് കോംപ്ളക്സ്.............

നിർമ്മിച്ചിട്ട്: 25 വർഷം

മുറികൾ:80ൽ അധികം

കടമുറികൾ: 15

നവീകരണം:2.96 കോടി ചെലവിൽ

ആരംഭിച്ചിട്ട്: 18മാസം

കരാറുകാരന് നൽകാനുള്ളത്:1.50കോടി